വെടിനിര്‍ത്തലിന് പകരം ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍; റഫയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു
World News
വെടിനിര്‍ത്തലിന് പകരം ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍; റഫയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 6:33 pm

ജെറുസലേം: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഏങ്ങുമെത്താതെ തുടരുമ്പോള്‍ റഫ അതിർത്തിയുടെ നിയന്ത്രണം  ഏറ്റെടുത്ത് ഇസ്രഈല്‍. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഹമാസ് അംഗീകരിച്ചങ്കെിലും ചൊവ്വാഴ്ച രാവിലെയോടെ ഇസ്രഈല്‍ സൈന്യം റഫയിലേക്ക് പ്രവേശിച്ചു.

വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹമാസ് അറിയിച്ചെങ്കിലും കരാറിലെ വ്യവസ്ഥകളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നാണ് ഇസ്രഈലിന്റെ വാദം. ഇതിന് പിന്നാലെയാണ് ഗസയില്‍ ആക്രമം തുടങ്ങിയതും റഫയുടെ നിയന്ത്രണം ഇസ്രഈല്‍ സൈന്യം ഏറ്റെടുത്തതും.

ഗസയിലേക്ക് സഹായങ്ങളെത്തുന്ന പ്രധാന വഴിയാണ് റഫ അതിർത്തി. ഗസയിലെ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി നിരവധി ആളുകളാണ് റഫയിലേക്ക് എത്തിയത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ഇസ്രഈല്‍ നടത്തുന്ന പുതിയ നീക്കം വിനാശകരാമാകുമെന്ന് ഐക്യരാഷ്ട്രസഭ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളടക്കം ലക്ഷക്കണക്കിന് ആളുകളാണ് റഫയില്‍ അഭയം പ്രാപിച്ചിരിക്കുന്നതെന്നും ഐക്യരാഷ്ട്ര സംഘടന ഇസ്രഈലിനെ ഓര്‍മിപ്പിച്ചു.

റഫ അതിർത്തി വിട്ട് പോകണമെന്ന് ഇസ്രഈൽ സൈന്യം ഫലസ്തീൻ ജനതക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമമാർഗം ലഖുലേഖകൾ നൽകിയും റേഡിയോ മാർഗവുമാണ് അറിയിപ്പ് ജനങ്ങളിലേക്ക് എത്തിച്ചത്.

സുരക്ഷിതമെന്ന് ഇസ്രഈൽ അവകാശപ്പെടുന്ന അൽ മവാസിയിലേക്ക് മാറാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടതെന്ന് ഐ.ഡി.എഫ് വക്താവ് ലെഫ്റ്റനെന്റ് കേണൽ നേതാവ് ശോശാനി പറഞ്ഞു. ഇസ്രഈലിന്റെ ആക്രമണം ഗസയിലെ വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന് ഹമാസ് ഇസ്രഈലിന് മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ നന്മക്കായി ഹമാസിലെ രാക്ഷസന്മാരെ തങ്ങൾ ഇല്ലാതാക്കും എന്നാണ് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഹമാസിനെതിരെയുള്ള പൂർണ വിജയമാണ് തങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Israel takes control of Rafah crossing