| Friday, 24th November 2023, 5:04 pm

ഫലസ്തീൻ അനുകൂല പ്രതിഷേധം; എം.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രഈല്‍ അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തിനെതിരെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എം.ഐ.ടി) വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ജൂതവിരുദ്ധവും അക്രമവും ആണെന്ന് ഇസ്രഈല്‍ അനുകൂലികള്‍. കുത്തിയിരിപ്പ് സമരം നടത്തിയ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകളെ ക്യാമ്പസില്‍ നിരോധിക്കണമെന്ന് ഇസ്രഈല്‍ അനുകൂലികള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തിനെതിരെയും വര്ണവിവേചനത്തിനെതിരെയും ശക്തമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സി.ഐ.എ അറിയിച്ചു. ഇസ്രഈല്‍ ഭരണകൂടത്തിനെതിരെയും സൈന്യത്തിനെതിരെയും പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥി സംഘടനകളെ ക്യാമ്പസുകളില്‍ നിരോധിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ നിലപാടുകള്‍ കൃത്യമായി ഉയര്‍ത്തിക്കാട്ടുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സി.ഐ.എയിലെയും വിദ്യാര്‍ത്ഥി മുന്നണികളിലെയും പ്രവര്‍ത്തകര്‍ക്ക് സുപ്രധാന ചരിത്രങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

‘ഞങ്ങള്‍ മുന്നോട്ട് പോകും. ഭരണകൂടത്തിന്റെ ഭീഷണികളിലും തന്ത്രങ്ങളിലും താക്കീതുകളിലും ഞങ്ങള്‍ വഴങ്ങില്ല,’ എം.ഐ.ടിയിലെ സി.ഐ.എ പ്രസിഡന്റ് സഫിയ്യ ഒഗുണ്ടിപെ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ശക്തമായ സ്ഥാനത്താണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

നവംബറില്‍ ക്യാമ്പസിന്റെ പ്രധാന കവാടമായ ലോബി 7ല്‍ സി.എ.എ പ്രതിഷേധം നടത്തി. സമാധാനപരമായി 12 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിയായിരുന്നു സി.ഐ.എ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെ ഇസ്രഈല്‍ അനുകൂലികള്‍ ആക്രമിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ജൂത, ഇസ്രഈല്‍ വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ തടഞ്ഞുവെച്ചുവെന്ന് ഇസ്രഈല്‍ അനുകൂല ഗ്രൂപ്പുകള്‍ ആരോപിച്ചു.

‘നമ്മളില്‍ ഒരാള്‍ക്ക് നേരെയുള്ള ആക്രമണം, നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്,’ സി.ഐ.എയെ പിന്തുണച്ച് എം.ഐ.ടിയിലെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ പറഞ്ഞു.

Content Highlight: Israel supporters call for ban on student unions at M.I.T

We use cookies to give you the best possible experience. Learn more