ജറുസലേം: അല്‍ അഖ്‌സയില്‍ ഇസ്രഈല്‍ നടത്തുന്ന സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് യുണൈറ്റഡ് സെക്യൂരിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെട്ട് ചൈനയും യു.എ.ഇയും. അതേസമയം ബുധനാഴ്ച രാത്രി വിശ്വാസികള്‍ റമളാന്‍ പ്രാര്‍ത്ഥനയിലായിരിക്കെ രണ്ടാമതും ഇസ്രഈല്‍ പൊലീസ് ഇരച്ച് കയറി റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് വെടിവെച്ചുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെച്ചത് കൂടാതെ വിശ്വാസികളോട് മസ്ജിദ് വിട്ട് പോകണമെന്നും സൈന്യം ആവശ്യപ്പെട്ടതായി ഇസ്‌ലാമിക് വഖഫ് സംഘടന അറിയിച്ചു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സികളായ വഫ നാബ്ലസില്‍, ഹെബ്രോണ്‍, ജെനിന്‍, ബത്‌ലഹേം എന്നിവര്‍ നഗരങ്ങള്‍ക്ക് സമീപവും അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ പൊലീസ് 400ലധികം പേരെ അറസ്റ്റ് ചെയ്തു.
ആരാധന അവസാനിക്കുന്നതിന് മുമ്പേ തന്നെ പൊലീസ് മസ്ജിദില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് ജോര്‍ദാന്‍ നിയമിത സംഘടനയായ ഇസ്‌ലാമിക് വഖ്ഫ് പറഞ്ഞു.
അല്‍ അഖ്‌സയില്‍ എപ്പോള്‍ പ്രാര്‍ത്ഥിക്കണമെന്നും എപ്പോള്‍ പ്രാര്‍ത്ഥിക്കരുതെന്നും ജനങ്ങളോട് പറയാന്‍ ഇസ്രഈലിന് അവകാശമില്ലെന്ന് യു. എന്‍ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പ്രതികരിച്ചു. ഫലസ്തീന്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമേ അവിടെ അവരുടെ മതം ആചരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയും സമാന രീതിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ടത്തെ പ്രാര്‍ത്ഥനക്ക് ശേഷം തിരിച്ചുപോകാതെ ഫലസ്തീനുകാര്‍ പള്ളിക്കുള്ളില്‍ തങ്ങുന്നുവെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. പൊലീസിന് നേരെ പള്ളിയിലുണ്ടായിരുന്നവര്‍ കല്ലും പടക്കവും എറിഞ്ഞുവെന്നാരോപിച്ച് മുന്നൂറ്റിയമ്പതിലേറെ പേര്‍ അറസ്റ്റ് ചെയ്തു.
അക്രമം നടക്കുമ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പള്ളിയിലുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി തലബ് അബു എയ്ഷ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 37 പേര്‍ക്ക് ചികിത്സ നല്‍കിയെന്ന് ജീവകാരുണ്യ സംഘടനയായ ഫലസ്തീനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.
അതേസമയം ഇസ്രഈല്‍ ദേശസുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ പൊലീസ് നടപടിയെ വാഴ്ത്തിയിരുന്നു.
എന്നാല്‍ അല്‍ അഖ്‌സ പള്ളിക്ക് സംരക്ഷണമേകാന്‍ ഹമാസ് ഫല്‌സ്തീന്‍കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗാസയില്‍ നിന്ന് ഇസ്രഈലിലേക്ക് ഒമ്പത് റോക്കറ്റുകള്‍ അയക്കുകയും അവയില്‍ അഞ്ചെണ്ണം ആകാശത്ത് വെച്ച് തന്നെ തകര്‍ത്തെന്നും മറ്റുള്ളവ മനുഷ്യവാസമില്ലാത്ത സ്ഥലത്താണ് വീണതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അല്‍ അഖ്‌സയിലെ അതിക്രമത്തെ അറബ് ലീഗും സൗദി അറേബ്യയും ഈജിപ്തും അപലപിച്ചു.