| Thursday, 23rd May 2024, 7:37 pm

ഗസയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ റഫ അതിര്‍ത്തിയില്‍ തടഞ്ഞ് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ട ആയിരക്കണക്കിന് തീര്‍ത്ഥാടകരെ റഫ അതിര്‍ത്തിയില്‍ ഇസ്രഈല്‍ സേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഗസയിലെ മതകാര്യ മന്ത്രാലമായണ് ഒരു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇസ്രഈല്‍ സേനയുടെ നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വിഷയത്തില്‍ ഇടപെടണമെന്നും ഗസ ഔഖാഫ് മന്ത്രാലയം (മതകാര്യ മന്ത്രാലയം) ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ഗസ്സയില്‍ നിന്നുള്ളവരെ അനുവദിക്കാന്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ചെലുത്തണെന്നും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗസയിലെ ജനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ഇസ്രഈല്‍ സേന നടത്തുന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ പുതിയതാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുവദിക്കാതിരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു. ഈ വര്‍ഷത്തെ ഹജ്ജ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇസ്രഈല്‍ സേനയുടെ നടപടി.

നിലവില്‍ ഫലസ്തീനില്‍ നിന്ന് പുറം ലോകത്തേക്കുള്ള ഏക മാര്‍ഗമാണ് ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ മേഖല. എന്നാല്‍ മെയ് 7 മുതല്‍ റഫ പൂര്‍ണമായും ഇസ്രഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗസയിലേക്കുള്ള സഹായങ്ങള്‍ എത്തിയിരുന്നതും റഫ അതിര്‍ത്തി വഴിയായിരുന്നു.

മെയ് ആറിനാണ് റഫ അതിര്‍ത്തിയില്‍ ഇസ്രഈല്‍ സേന ആക്രമണങ്ങള്‍ ആരംഭിച്ചത്. നേരത്തെ ഗസയില്‍ ഇസ്രഈല്‍ സേന ആക്രമണങ്ങള്‍ നടത്തിയപ്പോള്‍ ഗസയില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പാലായനം ചെയ്ത് അഭയം പ്രാപിച്ചത് റഫയിലായിരുന്നു.

വിവിധ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം 15 ലക്ഷത്തോളം ഫലസ്തീനികളാണ് റഫയിലേക്ക് പാലായനം ചെയ്ത് എത്തിയിട്ടുള്ളത്. എന്നാല്‍ റഫയിലും ഇസ്രഈല്‍ ആക്രമണം തുടങ്ങിയതോടെ ഇവിടെ നിന്നും പാലായനം ചെയ്യേണ്ട അവസ്ഥയിലാണ് ഫലസ്തീനികള്‍.

CONTENT HIGLIGHTS: Israel stops Hajj pilgrims from Gaza at the Rafah border

We use cookies to give you the best possible experience. Learn more