| Monday, 4th August 2014, 12:01 pm

ജോണ്‍ കെറിയുടെ ഫോണ്‍ സംഭാഷണം ഇസ്രഈല്‍ ചോര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍ലിന്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഫോണ്‍ സംഭാഷണം ഇസ്രഈല്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി ജര്‍മ്മന്‍ വാര്‍ത്താ വാരിക. “ദെര്‍ സ്പീഗെല്‍” എന്ന വാരികയാണ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013ലെ ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചയ്ക്കിടെ കെറി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇസ്രഈല്‍ സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫലസ്തീനുമായും അറബ് രാഷ്ട്രങ്ങളുമായും നടത്തിയ സംഭാഷണങ്ങളാണ് ഇസ്രഈല്‍ ചോര്‍ത്തിയിരിക്കുന്നത് എന്നാണ് വാരിക വ്യക്തമാക്കുന്നത്. സമാധാന ഉടമ്പടി തകര്‍ക്കുന്നതിനായി 6 മാസത്തെ കഠിന പ്രയത്‌നമാണ് ഇസ്രഈല്‍ നടത്തിയത് എന്നും വാരിക ചൂണ്ടിക്കാട്ടുന്നു. അന്നത്തെ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

ഗസയില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന സ്‌കൂളില്‍ ഇസ്രഈല്‍ ബോംബുവര്‍ഷിക്കുകയും ഏഴോളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത രക്തരൂക്ഷിതമായ പുതിയ ആക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന അതേ ദിവസമാണ് വാരിക ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ധാരാളം ഇന്റലിജന്റ്‌സ് സ്രോതസ്സുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് “ദെര്‍ സ്പീഗെല്‍” റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെറിയുടെ സംഭാഷണം ഇസ്രഈല്‍ ചാരന്‍മാരും ഇതുവരെ തിരിച്ചറിയാനാവാത്ത ഒരു ഇന്റലിജന്റ്‌സ് ഏജന്‍സിയും ഒരുമിച്ച് ചോര്‍ത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ ഉന്നത അധികാരികളുമായും ഫലസ്തീന്‍, അറബ് എന്നീ രാജ്യങ്ങളുമായും നടത്തിയ ഫോണ്‍ കോളുകള്‍ക്കു പുറമേ ഏതാനും വ്യക്തിഗത ഫോണ്‍ കോളുകളും  ചോര്‍ത്തിയിട്ടുണ്ട്.

[] വാരികയുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ഇസ്രഈലിന്റെ ബെഞ്ചമിന്‍  നെതന്യാഹു സര്‍ക്കാരുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധങ്ങളെ ഇത് ബാധിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ജറുസലേമോ വാഷിങ്ടണോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more