യു.എ.ഇയുമായി ചരിത്രപരമായ വ്യാപാര കരാര്‍ ഒപ്പിട്ട് ഇസ്രഈല്‍; അറബ് രാജ്യവുമായി ഇതാദ്യം
World News
യു.എ.ഇയുമായി ചരിത്രപരമായ വ്യാപാര കരാര്‍ ഒപ്പിട്ട് ഇസ്രഈല്‍; അറബ് രാജ്യവുമായി ഇതാദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 1:33 pm

ദുബായ്: യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെട്ട് ഇസ്രഈല്‍. ഒരു അറബ് രാജ്യവുമായി ഇസ്രഈലുണ്ടാക്കുന്ന ആദ്യത്തെ വ്യാപാര കരാറാണിത്.

ദുബായില്‍ വെച്ചായിരുന്നു ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇസ്രഈലിന്റെ സാമ്പത്തിക- വ്യവസായ വകുപ്പ് മന്ത്രി ഒര്‍ന ബര്‍ബിവായ്‌യും യു.എ.ഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍- മാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

മാസങ്ങള്‍ നീണ്ടുനിന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ പ്രാവര്‍ത്തികമായിരിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു ഇരു രാജ്യങ്ങളും ചരിത്രപരമായ മള്‍ട്ടി ബില്യണ്‍ ഡോളര്‍ കരാറില്‍ ഏര്‍പ്പെട്ടത്.

യു.എ.ഇയുടെയും ഇസ്രഈലിന്റെയും 90 ശതമാനം വ്യാപാരങ്ങളും കവര്‍ ചെയ്യുന്ന തരത്തിലാണ് കരാര്‍ തയാറാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാര്‍ഷിക വ്യാപാരം 10 ബില്യണ്‍ ഡോളറിലധികമാക്കുകയാണ് കരാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്.

2022ല്‍ 200 കോടിയിലധികം ഡോളറിന്റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷാവസാനത്തോടെ ദുബായില്‍ 100ലധികം കമ്പനികള്‍ തുറക്കാന്‍ ഇസ്രഈല്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരം നടത്തുന്ന 96 ശതമാനം ഉല്‍പന്നങ്ങളുടെയും താരിഫ് ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും.

നികുതി നിരക്കുകള്‍, ഇറക്കുമതി, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്നിവയും കരാറിന്റെ ഭാഗമായി വരുന്നുണ്ട്. ഫുഡ്, മെഡിസിന്‍, ഡയമണ്ട്, ജ്വല്ലറി, വളങ്ങള്‍, മറ്റ് കെമിക്കലുകള്‍ എന്നിവയുടെ താരിഫ് കുറക്കാനും തീരുമാനമായിട്ടുണ്ട്.

2020ല്‍ യു.എസിന്റെ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളായിരുന്നു രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയത്.

Content Highlight: Israel signs free trade agreement with UAE, first with an Arab country