തീവ്രവാദ സംഘങ്ങളെന്ന് മുദ്രകുത്തിയ ഫലസ്തീന്‍ സംഘടനകളുടെ ഓഫീസുകള്‍ അടച്ചുപൂട്ടി ഇസ്രഈല്‍
World News
തീവ്രവാദ സംഘങ്ങളെന്ന് മുദ്രകുത്തിയ ഫലസ്തീന്‍ സംഘടനകളുടെ ഓഫീസുകള്‍ അടച്ചുപൂട്ടി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 8:05 am

ടെല്‍ അവീവ്: ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഇസ്രഈല്‍ സൈന്യം. റെയ്ഡ് നടത്തിയ സംഘടനകളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

തീവ്രവാദ സംഘങ്ങളെന്ന് നേരത്തെ മുദ്രകുത്തിയ ആറ് ഫലസ്തീന്‍ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യുകയും നോട്ടീസ് പതിക്കുകയുമാണ് ഇസ്രഈല്‍ സൈന്യം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയന്‍ നഗരമായ റാമല്ലയിലെ സംഘടനാ ഓഫീസുകളാണ് റെയ്ഡ് നടത്തി അടച്ചുപൂട്ടിയത്.

പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (Popular Front for the Liberation of Palestine- PFLP) എന്ന ‘തീവ്രവാദ സംഘടന’യുടെ ശാഖകളായി ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇസ്രഈല്‍ വാദം. എന്നാല്‍ ഫലസ്തീന്‍ സംഘടനകള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്താനും നിശ്ശബ്ദമാക്കാനുള്ള ഇസ്രഈലിന്റെ നീക്കമാണിതെന്ന് ഫലസ്തീന്‍ സംഘടനകള്‍ പ്രതികരിച്ചു. തങ്ങളുടെ പൊളിറ്റിക്കല്‍ ആക്ടിവിസത്തിനെതിരായ ഇസ്രഈലിന്റെ പ്രതികാര നടപടിയാണിതെന്നും അവര്‍ ആരോപിച്ചു.

ചില ഫലസ്തീന്‍ സംഘടനകളെ പി.എഫ്.എല്‍.പിയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളായി മുദ്രകുത്താനുള്ള 2021 ഒക്ടോബറിലെ തീരുമാനം ബുധനാഴ്ച രാത്രിയായിരുന്നു ഇസ്രഈല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് അംഗീകരിച്ചത്. യൂണിയന്‍ ഓഫ് ഫലസ്തീന്‍ വിമന്‍സ് കമ്മിറ്റീസ്, ബിസാന്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി സെന്റര്‍, ഇസ്രഈലി സൈനിക കോടതികളില്‍ ഫലസ്തീന്‍ സുരക്ഷാ തടവുകാരെ പ്രതിനിധീകരിക്കുന്ന അദ്ദമീര്‍ എന്നീ സംഘടകളായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്.

ഇതിന് പുറമെ, ഫലസ്തീന്‍ അവകാശ സംഘടനയായ അല്‍-ഹഖ്, ഫലസ്തീനി കുട്ടികള്‍ക്ക് വേണ്ടി വാദിക്കുന്ന ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഇന്‍ ഫലസ്തീന്‍ എന്നീ സംഘടകളെ തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള അപ്പീല്‍ ഇസ്രഈല്‍ പ്രതിരോധ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി നിരസിച്ചു.

അതേസമയം സംഭവം നയതന്ത്ര തലത്തില്‍ തന്നെ ഇസ്രഈലിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സംഘടനകള്‍ ഇസ്രഈല്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.

യു.എന്‍ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ പ്രാദേശിക ഓഫീസ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. റെയ്ഡിലെ ഇസ്രഈല്‍ വാദങ്ങള്‍ ന്യായീകരിക്കാവുന്നതല്ല എന്നായിരുന്നു പ്രതികരണം.

സംഭവത്തില്‍ ഇസ്രഈലില്‍ നിന്നും വിശദീകരണം തേടുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും പ്രതികരിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയും ഇസ്രഈല്‍ നടപടിക്കെതിരെ പ്രസ്താവന പുറത്തുവിട്ടു.

Content Highlight: Israel shuts offices of Palestinian rights organizations it labeled as terror groups, causing diplomatic backlash