ഗസ പൂർണമായി നിരപ്പാക്കി മ്യൂസിയമാക്കണം, ഫലസ്തീനികൾ പിന്നീടൊരിക്കലും തിരിച്ചുവരരുത്: ഇസ്രഈൽ ടൗൺ കൗൺസിൽ മേധാവി
World News
ഗസ പൂർണമായി നിരപ്പാക്കി മ്യൂസിയമാക്കണം, ഫലസ്തീനികൾ പിന്നീടൊരിക്കലും തിരിച്ചുവരരുത്: ഇസ്രഈൽ ടൗൺ കൗൺസിൽ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th December 2023, 9:15 am

ഗസ: ഗസ മുനമ്പ് പൂർണമായി നിരപ്പാക്കി പോളണ്ടിലെ ഓസ്വിച്ച് കോൺസെൻട്രേഷൻ ക്യാമ്പ് പോലെ മ്യൂസിയമാക്കണമെന്നും ഫലസ്തീനികളെ അവിടെ വീണ്ടും ജീവിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തണമെന്നും വടക്കൻ ഇസ്രഈലിലെ ടൗൺ കൗൺസിൽ മേധാവി.

‘കടൽ മുതൽ ഗസ അതിർത്തിയിലെ വേലി വരെ ഒരു സുരക്ഷാ മുനമ്പ് സ്ഥാപിക്കണം. എന്താണ് മുമ്പ് അവിടെ ഉണ്ടായിരുന്നത് എന്ന് ഓർമിപ്പിക്കാൻ.

അത് ഓസ്വിച്ച് കോൺസെൻട്രേഷൻ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്നതാകണം,’ ഇസ്രഈലിലെ റേഡിയോ 103എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ മെട്യൂല കൗൺസിൽ അധ്യക്ഷൻ ഡേവിഡ് അസൂലായ് പറഞ്ഞു.

ഇസ്രഈൽ – ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ തെക്കോട്ട് പലായനം ചെയ്യാൻ പറയുന്നതിന് പകരം ഫലസ്തീനികളെ ലെബനീസ് അഭയാർത്ഥി ക്യാമ്പുകളിലേക്ക് പറഞ്ഞയക്കണമെന്ന് അസൂലായ് പറഞ്ഞു.

‘ഗസയിൽ എല്ലാവരോടും കടൽതീരത്തേക്ക് പോകാൻ പറയൂ. നാവിക കപ്പലുകൾ തീവ്രവാദികളെ ലെബനൻ തീരത്തേക്ക് കൊണ്ടുപോകട്ടെ.

ലെബനനിൽ നേരത്തെ തന്നെ അഭയാർത്ഥി ക്യാമ്പുകൾ ഉണ്ട്. അങ്ങോട്ടാണ് അവർ പോകേണ്ടത്. ഗസയെ പൂർണമായി നശിപ്പിച്ച ശേഷം ഒരു മ്യൂസിയമാക്കുവാൻ വിജനമാക്കി വെക്കണം. അവിടെ മുമ്പ് ജീവിച്ച ആളുകളുടെ ഭ്രാന്ത്‌ കാണിച്ചുകൊടുക്കാൻ,’ അസൂലായ് പറഞ്ഞു.

അസൂലായിയുടെ മെട്യൂല പട്ടണം ഇസ്രഈൽ – ലെബനൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹമാസുമായുള്ള യുദ്ധത്തിൽ തങ്ങൾ കരുത്തരാണെന്ന് ഇസ്രഈൽ കാണിച്ചില്ലെങ്കിൽ വടക്കിൽ നിന്ന് ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് വഴി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഹിസ്‌ബുള്ള തെക്കൻ ഗസയിലെ സ്ഥിതി വിലയിരുത്തി വരികയാണ്. നമ്മൾ അത് ശരിയായ വിധത്തിൽ അഭിസംബോധന ചെയ്തില്ലെങ്കിൽ അവർ അത് ഒരു ദൗർബല്യമായി കാണും.

തീവ്രവാദം എത്ര ശക്തമാണെങ്കിലും നമുക്ക് ഭയന്ന് ജീവിക്കാൻ കഴിയില്ല. നമ്മൾ സാഹചര്യം മനസിലാക്കി പ്രവർത്തിക്കണം,’ അസൂലായ് പറഞ്ഞു.

ഫലസ്തീനികളെ ഈജിത്തിലേക്ക് പറഞ്ഞയക്കാൻ ഇസ്രഈൽ പദ്ധതിയിടുകയാണെന്നും തിരിച്ചുവരാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്നും യു.എൻ അധികൃതർ കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു.

ഗസ നിവാസികളെ എന്നന്നേക്കുമായി കുടിയിറക്കുമെന്ന വാദം ഇസ്രഈൽ നിരസിച്ചെങ്കിലും പടിഞ്ഞാറൻ ജെറുസലേമിലെ എം.പിമാർ വോൾ സ്ട്രീറ്റ് ജേർണലിൽ എഴുതിയ ലേഖനത്തിൽ അഭയാർത്ഥികളാകാൻ സന്നദ്ധരായ ഫലസ്തീനികളെ സ്വീകരിക്കാൻ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Israel should make Gaza a museum like Auschwitz – town leader