ഗസയിൽ നടക്കുന്ന സിവിലിയൻസിന്റെ കൊലപാതകം; പ്രത്യാഘാതം ഇസ്രഈൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യു.എസ് സെനറ്റർ
World News
ഗസയിൽ നടക്കുന്ന സിവിലിയൻസിന്റെ കൊലപാതകം; പ്രത്യാഘാതം ഇസ്രഈൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യു.എസ് സെനറ്റർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 11:28 am

വാഷിങ്ടൺ: ഗസയിൽ നടക്കുന്ന സിവിലിയൻസിന്റെ കൊലപാതകങ്ങളുടെയും മാനുഷിക സഹായം നൽകുന്നത് തടയുന്നതിൻ്റെയും പ്രത്യാഘാതം ഇസ്രഈൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യു.എസ് സെനറ്റർ. മുതിർന്ന ഡെമോക്രാറ്റിക് സെനറ്ററും യു.എസ് ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗവുമായ ക്രി​സ് വാ​ൻ ഹോ​ളനാണ് ഇസ്രഈലിനെതിരെ രംഗത്തെത്തിയത്.

ഞായറാഴ്ച സി.ബി.എസ് ന്യൂസിന്റെ ചോദ്യത്തിനായിരുന്നു വാ​ൻ ഹോളൻ ഇത്തരത്തിൽ മറുപടി പറഞ്ഞത്. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടസപ്പെടുത്തുന്ന രീതിയിൽ അനാവശ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളാണ് ഇസ്രഈൽ എടുക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.

സിവിലിയൻസിന് നേരെയുള്ള ആക്രമണങ്ങൾ കുറയ്ക്കണമെന്നും കൂടുതൽ മാനുഷിക സഹായങ്ങൾ നൽകണമെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡൻ്റെയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെയും ആവശ്യം ശരിയായിരുന്നെന്നും എന്നാൽ അതൊന്നും ഇസ്രഈലിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ബി.എസ് ന്യൂസുമായുള്ള അഭിമുഖത്തിന് മുമ്പ് വാ​ൻ ഹോളൻ ഗസയിലേക്കുള്ള ഈജിപ്തിലെ റഫ അതിർത്തി സന്ദർശിച്ചിരുന്നു. സന്നദ്ധ പ്രവർത്തകരുമായി സംസാരിച്ചപ്പോൾ മാനുഷിക സഹായം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇത്രയും മോശമായ അന്തരീക്ഷം ഇതിനുമുമ്പ് നേരിട്ടിട്ടില്ലെന്നാണ് അവർ പറഞ്ഞതെന്ന് വാ​ൻ ഹോളൻ കൂട്ടിച്ചേർത്തു.

ഈ പ്രശ്നങ്ങൾ എല്ലാം നിലനിൽക്കെ ഗസയിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ജീവന് നേരെയും ഭീഷണിയുണ്ട്. ഏതു നിമിഷവും മരണം സംഭവിക്കാം എന്ന ഭീതിയിലാണ് അവർ തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

നിലവിൽ ഗസയിലെ മൊത്തം ജനസംഖ്യയുടെ 85 ശതമാനം ജനങ്ങൾക്കും സ്വന്തം വീട് വിട്ട് പോവേണ്ടി വന്നിട്ടുണ്ട്.
യു.എൻ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഗസയിൽ ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ് കൂടാതെ ശ്വാസകോശ രോഗങ്ങളുൾപ്പെടെ പകർന്നുകൊണ്ടിരിക്കുകയാണ്.

കൂടാതെ ഗസയിൽ 36 ആശുപത്രികളിൽ ആകെ ഒൻപത്‌ എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതെല്ലാം തന്നെ അനസ്തേഷ്യ, ആന്റിബയോട്ടിക് തുടങ്ങിയ അവശ്യമരുന്നുകളുടെ അഭാവത്തിലാണ്.

ഇസ്രഈലിന് സഹായം നൽകുമ്പോൾ തന്നെ ഗസയിലേക്ക് മാനുഷിക സഹായങ്ങൾ നൽകണമെന്നാണ് അമേരിക്ക പറയുന്നത്.

കൂടാതെ യുദ്ധം ആരംഭിച്ച ആദ്യ ദിനങ്ങളിൽ യു.എസ് ഡെമോക്രാറ്റിക് അംഗങ്ങൾ വെടി നിർത്തലൽ ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും അടുത്ത യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങൾക്കുമാത്രമാണ് ശ്രദ്ധകൊടുക്കുന്നത്.

കൂടാതെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖിലെയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇസ്രഈലിനെതിരെ വാ​ൻ ഹോളൻ രംഗത്തെത്തിയിരുന്നു.

Content Highlights: Israel should ‘face consequences’, senior US senator says