ജെറുസലേം:പാരീസ് ഒളിമ്പിക്‌സില്‍ ഇസ്രഈല്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഫലസ്തീന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജിബ്രില്‍ റജൗബ്. ഇസ്രഈലിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്നും ഗസയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
1964 മുതല്‍ 1988 വരെ വര്‍ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത് പോലെ ഇസ്രഈലിനെതിരെയും നടപടിയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയിലെ 39,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലിനെ കായികമേളയില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രജൗബ് കഴിഞ്ഞ ആഴ്ച ഐ.ഒ.സിക്ക് കത്തെഴുതിയിരുന്നു.
ഫാസിസ്റ്റുകളുടെയും വംശീയവാദികളുടെയും നാസി അധിനിവേശക്കാരുടെയും ഫലസ്തീന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ ലോകം തിരിച്ചറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ.ഒ.സി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസയിലും കിഴക്കന്‍ ജറുസലേമിലും ഫലസ്തീന്‍ പ്രദേശങ്ങളിലും നടക്കുന്നത് 1940 കളില്‍ നാസികള്‍ ചെയ്തതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര സംഘടനകളുടെ ഇരട്ടത്താപ്പാണ് ഇസ്രഈലിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍. ഒളിമ്പിക്‌സ ഗെയിമുകള്‍ക്കിടയില്‍ ഇസ്രഈലി പതാക വീശാന്‍ ആഗ്രഹിക്കുന്നവര്‍ ഗസയിലെ കുട്ടികളുടെ മേല്‍ പതിച്ച മിസൈലുകള്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഗസയിലേക്ക് സഹായം എത്തിക്കാനും സാധാരണക്കാര്‍ക്ക് സുരക്ഷ ഒരുക്കാനും ഇസ്രഈല്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് കോണ്‍ഗ്രസില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗസയിലെ യുദ്ധത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങളാണ് നെതന്യാഹു പ്രസംഗത്തില്‍ നടത്തിയതെന്ന് നിയമനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.
ഡസന്‍ കണക്കിന് നിയമനിര്‍മ്മാതാക്കളാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചത്. അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യയ്ക്കും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ യു.എസ് ക്യാപിറ്റോളില്‍ പ്രതിഷേധിക്കുകയും ചെയ്തു.
Content Highlight: Israel should be barred from Olympics like South Africa during apartheid, says Palestinian official