ബന്ദികളുടെ കൈമാറ്റവും വെടി നിര്‍ത്തലും വെള്ളിയാഴ്ചവരെ ഉണ്ടാകില്ല: ഇസ്രഈല്‍
World News
ബന്ദികളുടെ കൈമാറ്റവും വെടി നിര്‍ത്തലും വെള്ളിയാഴ്ചവരെ ഉണ്ടാകില്ല: ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 12:26 pm

ടെല്‍ അവീവ്: ഹമാസുമായുള്ള ധാരണപ്രകാരം ബന്ദികളെ വിട്ടയക്കുന്നതും വെടിനിര്‍ത്തലും വെള്ളിയാഴ്ച വരെ ഉണ്ടാകില്ലെന്ന് ഇസ്രഈല്‍. ബുധനാഴ്ച ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന യോഗത്തില്‍ ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിക്കുന്നതിന് പകരം നാലുദിവസം ഗസയില്‍ വെടിനിര്‍ത്തലിനും ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളെ മോചിപ്പിക്കാനും ധാരണയായിരുന്നു.

ഹമാസ് ബന്ദികളാക്കിയ 240 പേരില്‍ നാല് പേരെ നേരത്തെ മോചിപ്പിച്ചിരുന്നു. 24 മണിക്കൂറിനകം ഉടമ്പടി പ്രഖ്യാപിക്കുമെന്നും നവംബര്‍ 23ന് ബന്ദികളെ മോചിപ്പിക്കാന്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 23ന് രാവിലെ 10 മണി മുതല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കും എന്നാണ് ഹമാസ് അറിയിച്ചിരുന്നത്.

കരാര്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയ്ക്ക് മുമ്പ് ഗസയില്‍ ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന് വിരാമമുണ്ടാകില്ലെന്ന് ഒരു ഇസ്രഈലി ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം ഇസ്രഈല്‍ തടവിലാക്കിയ ആരെയും വെള്ളിയാഴ്ചയ്ക്ക് മുന്‍പ് മോചിപ്പിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

‘ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം തന്നെ ബന്ദികളുടെ മോചനം ആരംഭിക്കും. പക്ഷേ വെള്ളിയാഴ്ചയ്ക്ക് മുമ്പ് ഉണ്ടാകില്ല,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബുധനാഴ്ച തയ്യാറാക്കിയ കരാര്‍ പ്രകാരം ഇസ്രഈലും ഹമാസും ഗസയിലെ യുദ്ധത്തില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചിരുന്നു. കൂടാതെ ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നും ഇതിന് പകരമായി ഇസ്രഈല്‍ 150 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഗസയില്‍ മാനുഷിക സഹായം എത്തിയ്ക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു ധാരണ.

ധാരണ പ്രകാരം ഹമാസ് മോചിപ്പിക്കപ്പെടേണ്ട ബന്ദികള്‍ സ്ത്രീകളും കുട്ടികളുമാണ്, ഫലസ്തീന്‍ തടവുകാര്‍ സ്ത്രീകളും 18 വയസ്സിന് താഴെയുള്ള കൗമാരക്കാരായ ആണ്‍കുട്ടികളുമാണ്.

content highlight :  Israel says no Gaza captive release before Friday