നീരാളിയുടെ തലവന്‍, പാമ്പിന്റെ തല; നോക്കിയടിച്ചാല്‍ മാത്രമേ ഇറാന്‍ വീഴുകയുള്ളുവെന്ന് ഇസ്രഈലി സാമ്പത്തിക മന്ത്രി
ടെല്‍ അവീവ്: ഇറാന്‍ നിലവില്‍ ഇസ്രഈല്‍ ആക്രമണങ്ങളുടെ നിയമാനുസൃതമായ ലക്ഷ്യമാണെന്ന് ഇസ്രഈലി സാമ്പത്തിക മന്ത്രി. ഇറാന്‍ ഭരണകൂടവുമായുള്ള സംഘര്‍ഷം ഭയമുണര്‍ത്തുന്നുണ്ടെന്ന് മന്ത്രി നിര്‍ ബര്‍കത്ത് ദി ടെലിഗ്രാഫിനോട് പറഞ്ഞു.
തങ്ങളുടെ സൈനിക ലക്ഷ്യത്തില്‍ നിന്ന് ഒരു കാരണവശാലും ഇറാന്‍ രക്ഷപ്പെടുകയില്ലെന്ന് നിര്‍ ബര്‍കത്ത് ഉന്നയിച്ചു. ഇറാനെതിരെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഉപയോഗിച്ച തന്ത്രം സ്വീകരിക്കണമെന്നാണ് താന്‍ ശുപാര്‍ശ ചെയ്യുന്നതെന്നും ബര്‍കത്ത് പറഞ്ഞു.
പാമ്പിന്റെ തലയാണ് ഇറാനെന്നും കൃത്യമായി അടിച്ചാല്‍ മാത്രമേ ഇസ്രഈല്‍ ആക്രമണങ്ങളുടെ ആഘാതം ഇറാന് മേല്‍ ഏല്‍ക്കുള്ളുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് ശക്തമായ രീതിയിലല്ല ഗസയില്‍ യുദ്ധം നടത്തുന്നതെന്നും നിര്‍ ബര്‍കത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് പിന്തുണ നല്‍കുന്നതില്‍ ഇറാനെതിരെ രാഗത്തെത്തിയതിന് പിന്നാലെയാണ് സാമ്പത്തിക മന്ത്രിയുടെ പരാമര്‍ശം.
ഇറാനെതിരെ നേരിട്ട് ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാന്‍ നീരാളിയുടെ തലവനാണെന്നും ഹൂത്തികള്‍ മുതല്‍ ഹിസ്ബുള്ളയും ഹമാസും അടങ്ങുന്നതാണ് അതിന്റെ കൂട്ടാളികളെന്നും നെതന്യാഹു ആരോപണം ഉയര്‍ത്തിയുരുന്നു.
നിലവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,520 ആയി വര്‍ധിച്ചുവെന്നും 63,367 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
Content Highlight: Israel says Iran is currently a legitimate target of Israeli attacks