ദോഹ: ഗസയിലെ യുദ്ധം ഉടനടി പരിഹരിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ മുഴുവൻ സമ്പദ്ഘടനയെയും ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ഖത്തർ ധനകാര്യ മന്ത്രി അലി അൽ കുവാരി.
ഖസയിലെ സംഘർഷത്തിന് സൈനിക പരിഹാരമല്ല ആവശ്യമെന്നും സ്വിറ്റ്സർലാൻഡഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ അദ്ദേഹം പറഞ്ഞു.
‘മിഡിൽ ഈസ്റ്റിലെ പ്രധാന വിഷയമായ ഫലസ്തീൻ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാനാണ് വഴി തേടേണ്ടത്. ഇത് സൈനിക നീക്കങ്ങൾ കൊണ്ട് പരിഹരിക്കാനാകില്ല.
പരിഹരിക്കപ്പെടാതെ അത് ദീർഘനാൾ വീണ്ടു പോയാൽ നമ്മളും ആക്രമണത്തിന്റെയും അശാന്തിയുടെയും ചുഴിയിൽ അകപ്പെട്ടു പോകും. തുടർന്ന് പ്രദേശം മുഴുവൻ മന്ദഗതിയിലാകും,’ അൽ കുവാരി പറഞ്ഞു.
അതേസമയം ഗസ ആരോഗ്യം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ 24600ലധികം ഫലസ്തീനികളാണ് കൊല്ലപ്പട്ടത്. 61,504ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസയിലെ വീടുകൾ പുനർനിർമിക്കാൻ ഏറ്റവും ചുരുങ്ങിയത് 15 ബില്യൺ ഡോളറെങ്കിലും വേണ്ടി വരുമെന്ന് ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർപേഴ്സൺ മുഹമ്മദ് മുസ്തഫ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞിരുന്നു.
ഹ്രസ്വകാലത്തേക്ക് ഫലസ്തീൻ നേതൃത്വം വെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ക്രമേണ പുനർനിർമാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുസ്തഫ പറഞ്ഞു.