| Sunday, 14th July 2024, 2:21 pm

ഖാന്‍ യൂനുസിലെ ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണം; നിരവധി ഫലസ്തീനികളെ കാണാനില്ലെന്ന് ഡബ്യൂ.എച്ച്.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: തെക്കന്‍ ഗസയിലെ അല്‍മവാസി ക്യാമ്പില്‍ കഴിഞ്ഞ ദിവസം ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി പേരെ കാണാനില്ലെന്ന് ഡബ്യൂ.എച്ച്.ഒ മേധാവി ഡോ ടെഡ്രോസ് അദാനോം. ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ 90 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെയാണ് നിരവധി പേരെ കാണാനില്ലെന്ന് ഡബ്യൂ.എച്ച്.ഒ അറിയിച്ചത്. ആക്രമണത്തില്‍ 300ലധികം പേര്‍ക്ക് പരിക്കേറ്റതായും ഡബ്യൂ.എച്ച്.ഒ അറിയിച്ചു.

ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡീഫിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് ഇസ്രഈല്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഖാന്‍ യൂനിസിലെ അൽ മവാസി ക്യാമ്പിലാണ് ആക്രമണം നടന്നത്. സുരക്ഷിത മേഖലയായി ഇസ്രഈൽ തന്നെ പ്രഖ്യാപിച്ച പ്രദേശത്ത് നിരവധി ആളുകളായിരുന്നു ടെന്റടിച്ച് താമസിച്ചിരുന്നുത്. ഇവിടെ ഇസ്രഈൽ കൂട്ടക്കൊലയാണ് നടത്തിയതെന്ന് ഹമാസ് പറഞ്ഞു.

‘ഒരു മിസൈല്‍ അജ്രാര്‍ വാതക സമുച്ചയത്തില്‍ പതിച്ചു, അത് സ്‌ഫോടനത്തിലേക്ക് നയിച്ചു, മറ്റൊന്ന് വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റിലും പതിച്ചു’ ഖാന്‍ യൂനിസ് ആസ്ഥാനമായുള്ള നബീല്‍ വാലിദ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. ആറോളം എഫ്-16 വിമാനങ്ങള്‍ നാസര്‍ റോഡിലും, സുല്‍ത്താന്‍ വാട്ടര്‍ സ്റ്റേഷന്റെ പരിസരത്തും തങ്ങളുടെ മേല്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും നബീല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Israel’s war on Gaza live: ‘Many missing’ after al-Mawasi attacks

We use cookies to give you the best possible experience. Learn more