ഹമാസിന്റെ സമ്പൂര്‍ണ പരാജയം സാധ്യമല്ല; പൊതുജനങ്ങളോട് ഇസ്രഈല്‍ നീതി പുലര്‍ത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ല: ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി
World News
ഹമാസിന്റെ സമ്പൂര്‍ണ പരാജയം സാധ്യമല്ല; പൊതുജനങ്ങളോട് ഇസ്രഈല്‍ നീതി പുലര്‍ത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ല: ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th January 2024, 1:53 pm

ടെല്‍ അവീവ്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്തുന്നത് സാധ്യമല്ലെന്നും അത് ഇസ്രഈലിന്റെ യാഥാര്‍ത്ഥ്യ ലക്ഷ്യമല്ലെന്നും ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി ഗാഡി ഐസന്‍കോട്ട്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായി ഐസന്‍കോട്ട് പറഞ്ഞു. ഇസ്രഈല്‍ മാധ്യമ സ്ഥാപനമായ ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുസംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കഥകള്‍ പറയരുതെന്നും ഐസന്‍കോട്ട് ചൂണ്ടിക്കാട്ടി. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണം ഇതുവരെ തങ്ങളുടെ യുദ്ധത്തിന്റെ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെന്നും ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി പറഞ്ഞു.

‘യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഇതുവരെ കൈവരിച്ചിട്ടില്ല. പക്ഷേ ഗസയിലെ ഇസ്രഈലി സൈനികരുടെ എണ്ണവും അവസ്ഥയും പരിതാപകരമാണ്. അടുത്തതായി എന്താണെന്ന് നിങ്ങള്‍ ചിന്തിക്കണം,’ ഐസെന്‍കോട്ട് പറഞ്ഞു. ഇസ്രഈല്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് നീതി പുലര്‍ത്തുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസ് ബന്ദികളാക്കിയ ഇസ്രഈലി തടവുകാരെ വിട്ടയക്കുന്നതിനുള്ള സായുധ സേനയുടെ കരാറിന് ഐസെന്‍കോട്ട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

2025 വരെ ഭരണം തുടരാമെന്നുള്ള നെതന്യാഹുവിന്റെ നിലപാടിനെതിരെയും യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിക്കുന്ന തീരുമാനത്തിനെതിരെയുമാണ് ഐസന്‍കോട്ടിന്റെ വിമർശനം.

അതേസമയം നെതന്യാഹു രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രഈല്‍ സര്‍ക്കാരിലെ നിരവധി അംഗങ്ങള്‍ വിശ്വസിക്കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനെതിരെ സമ്പൂര്‍ണ വിജയം സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും ഇസ്രഈല്‍ സര്‍ക്കാര്‍ യുദ്ധാനന്തര ഗസയിലെ ഭരണത്തെ കുറിച്ച് ഒരു പദ്ധതിയും നിലവില്‍ തയ്യാറാക്കിയിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Content Highlight: Israel’s War Cabinet Minister Says Total Defeat of Hamas Not Possible