| Tuesday, 7th November 2023, 9:58 pm

'ഇസ്രഈലിന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്നും ഉപയോഗിക്കാൻ സന്നദ്ധരാണെന്നും അവർ അറിയിച്ചിരിക്കുന്നു'; ഇസ്രഈലിനെതിരെ റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിൽ ആണവ യുദ്ധം നടത്തുന്ന ആശയം മുന്നോട്ട് വെച്ച ഇസ്രഈലി മന്ത്രിയുടെ പരാമർശത്തിനെതിരെ റഷ്യ. ആണവ യുദ്ധം നടത്താനുള്ള ഇസ്രഈലിന്റെ സന്നദ്ധത ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നു.

ഗസയെ നേരിടാനുള്ള ഒരു മാർഗം ആണവയുദ്ധമാണെന്ന് ഒരു റേഡിയോ അഭിമുഖത്തിൽ ഇസ്രഈലിന്റെ പൈതൃകമന്ത്രി അമിഹൈ എലിയാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇസ്രഈലിന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടെന്ന് മാത്രമല്ല അത് ഉപയോഗിക്കുവാനും അവർ തയ്യാറാണെന്ന ചർച്ചകൾ ഉടലെടുക്കുകയാണ്.

തങ്ങളുടെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്ന് ഇതുവരെ ഇസ്രഈൽ സമ്മതിച്ചിട്ടില്ല.

മന്ത്രിയെ സർക്കാരിൽ നിന്നും ക്യാബിനറ്റ് യോഗങ്ങളിൽ നിന്നും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സസ്‌പെൻഡ് ചെയ്യുന്നതായി നവംബർ അഞ്ചിന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

തങ്ങളുടെ കൈവശം ആണവായുധം ഉണ്ടെന്ന് ഇസ്രഈൽ സമ്മതിച്ചു എന്നതാണ് ഏറ്റവും പ്രധാന വിഷയമെന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖറോവ് പറഞ്ഞു.

അങ്ങനെയെങ്കിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും അന്താരാഷ്ട്ര ന്യൂക്ലിയർ ഇൻസ്‌പെക്ടർമാരും എവിടെയെന്നും അവർ ചോദിച്ചു.

ഇസ്രഈലിന്റെ കൈവശം 90 ആണവായുധങ്ങൾ ഉണ്ടെന്നാണ് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് പറയുന്നത്.

എലിയാഹുവിന്റെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് യു.എസ് അറിയിച്ചിരുന്നു.

‘സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാവരും വിദ്വേഷ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കണം,’ യു.എസ് വക്താവ് വേദാന്ത് പട്ടേൽ അറിയിച്ചു.

അറബ് രാജ്യങ്ങളും ഇസ്രഈലി പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ലോക രാജ്യങ്ങൾ ഉടൻ തന്നെ പ്രതികരിക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടിരുന്നു.

Content Highlight: Israel’s nuclear option remark raises ‘huge number of questions’: Russia

We use cookies to give you the best possible experience. Learn more