ജെറുസലേം: ഗസയിൽ ആണവ യുദ്ധം നടത്തുന്ന ആശയം മുന്നോട്ട് വെച്ച ഇസ്രഈലി മന്ത്രിയുടെ പരാമർശത്തിനെതിരെ റഷ്യ. ആണവ യുദ്ധം നടത്താനുള്ള ഇസ്രഈലിന്റെ സന്നദ്ധത ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നു.
ഗസയെ നേരിടാനുള്ള ഒരു മാർഗം ആണവയുദ്ധമാണെന്ന് ഒരു റേഡിയോ അഭിമുഖത്തിൽ ഇസ്രഈലിന്റെ പൈതൃകമന്ത്രി അമിഹൈ എലിയാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇസ്രഈലിന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടെന്ന് മാത്രമല്ല അത് ഉപയോഗിക്കുവാനും അവർ തയ്യാറാണെന്ന ചർച്ചകൾ ഉടലെടുക്കുകയാണ്.
തങ്ങളുടെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്ന് ഇതുവരെ ഇസ്രഈൽ സമ്മതിച്ചിട്ടില്ല.
മന്ത്രിയെ സർക്കാരിൽ നിന്നും ക്യാബിനറ്റ് യോഗങ്ങളിൽ നിന്നും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സസ്‌പെൻഡ് ചെയ്യുന്നതായി നവംബർ അഞ്ചിന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.
തങ്ങളുടെ കൈവശം ആണവായുധം ഉണ്ടെന്ന് ഇസ്രഈൽ സമ്മതിച്ചു എന്നതാണ് ഏറ്റവും പ്രധാന വിഷയമെന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖറോവ് പറഞ്ഞു.
അങ്ങനെയെങ്കിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും അന്താരാഷ്ട്ര ന്യൂക്ലിയർ ഇൻസ്‌പെക്ടർമാരും എവിടെയെന്നും അവർ ചോദിച്ചു.