വാഷിങ്ടൺ: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്റെ രണ്ടാം ടേമിൽ സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ് ബെഞ്ചമിൻ നെതന്യാഹു.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ഇരു ലോകനേതാക്കളുടെയും കൂടിക്കാഴ്ചയുടെ പ്രഖ്യാപനം. വെടിനിർത്തലിൻ്റെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ അടുത്ത തിങ്കളാഴ്ച ആരംഭിക്കും.
ഇസ്രഈലിനും ഇസ്രഈലിന്റെ അയൽ രാജ്യങ്ങളിലും എങ്ങനെ സമാധാനം കൊണ്ടുവരാം എന്നതിനെക്കുറിച്ച് തങ്ങൾ കൂടുതൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് പുറത്ത് വിട്ട വൈറ്റ് ഹൗസിൽ നിന്നുള്ള കത്തിൽ പറയുന്നു.
ജോ ബൈഡൻ്റെ ഭരണത്തിൻ്റെ അവസാന നാളുകളിൽ ആരംഭിച്ച വെടിനിർത്തലിൻ്റെ ആദ്യ ഘട്ടം 2023 ഒക്ടോബർ ഏഴിന് ഗസയിൽ ആരംഭിച്ച 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക വിരാമമിട്ടു. ഈ മാസം അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ, നിലവിലെ ഗസ വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി ബൈഡൻ ഭരണകൂടത്തോടൊപ്പം സമ്മർദ്ദം ചെലുത്താൻ ട്രംപ് തൻ്റെ പ്രത്യേക മിഡിൽ ഈസ്റ്റ് ദൂതനായ സ്റ്റീവ് വിറ്റ്‌കോഫിനെ മേഖലയിലേക്ക് അയച്ചിരുന്നു.
യു.എസ് സൈനിക സഹായത്തിൻ്റെ ഏറ്റവും വലിയ സ്വീകർത്താവാണ് ഇസ്രഈൽ. ഓരോ വർഷവും ശതകോടിക്കണക്കിന് ഡോളറാണ് അമേരിക്ക ഇസ്രഈലിന് സൈനിക സഹായമായി നൽകുന്നത്. തൻ്റെ ആദ്യ ഉത്തരവുകളിലൊന്നിൽ, ഈജിപ്തിനും ഇസ്രഈലിനുമുള്ള സൈനിക സഹായം ഒഴികെയുള്ള മിക്കവാറും എല്ലാ അന്താരാഷ്ട്ര സഹായങ്ങളും ട്രംപ് മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ മുൻ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ താത്ക്കാലികമായി നിർത്തിവച്ച 900 കിലോഗ്രാം (2,000 പൗണ്ട്) ബോംബുകൾ ഇസ്രഈലിന് കൈമാറാൻ ട്രംപ് കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു.
Content Highlight: Israel’s Netanyahu to meet with Trump at White House next week