ടെല്‍അവീവ്: ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായതാണ്.
ട്രംപിന്റെ നേതൃത്വത്തിലാണ് ഇടഞ്ഞ് നിന്നിരുന്ന യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുമായി ബൈഞ്ചമിന്‍ നെതന്യാഹുവിനെ കൂട്ടിയിണക്കിയതും.
ഫലസ്തീന്‍ ജനതയില്‍ നിന്നും ജെറുസലേം പിടിച്ചെടുത്ത് ഇസ്രഈലിന്റെ തലസ്ഥാനമാക്കാന്‍ നെതന്യാഹുവിനൊപ്പം നിന്നതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും നല്‍കാത്ത പ്രസിഡന്റെന്ന വിമര്‍ശനവും ട്രംപ് നേരിട്ടിരുന്നു.
ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയാണ്.
ഏറെക്കാലമായി തന്റെ ട്വിറ്ററിലെ കവര്‍ ഫോട്ടോയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ മാറ്റിയാണ് ബെഞ്ചമിന്‍ നെതന്യാഹു തന്റെ പുതിയ നയം വ്യക്തമാക്കിയത്.
ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപും വൈറ്റ് ഹൗസില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കവര്‍ ഫോട്ടോ ആക്കിയിരിക്കുന്നത്.
ഇപ്പോള്‍ ട്രംപിന്റെ ചിത്രം മാറ്റി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രമാണ് നെതന്യാഹു കവര്‍ ഫോട്ടോ ആക്കിയിരിക്കുന്നത്. ഇസ്രഈലിന്റെ പൗരന്മാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് എന്ന ക്യാപ്ഷനോട് കൂടിയാണ് നെതന്യാഹു ട്വിറ്റര്‍ കവര്‍ ഫോട്ടോ മാറ്റിയിരിക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതിന് ശേഷവും ട്രംപിനോടൊപ്പമുള്ള ചിത്രമാണ് ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കവര്‍ ഫോട്ടോ ആക്കിയിരുന്നത്.
ഇസ്രഈലിലെ ഒരു പരമ്പരാഗത ആഘോഷത്തിന്റെ വേളയില്‍ അദ്ദേഹം കവര്‍ ഫോട്ടോ മാറ്റിയെങ്കിലും ആഘോഷം അവസാനിച്ചതിന് പിന്നാലെ ട്രംപിനോടൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവെക്കുകയായിരുന്നു.
ട്രംപിന്റെ ചിത്രം മാറ്റിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുമ്പോഴും നെതന്യാഹു വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ അക്രമത്തില്‍ ജനാധിപത്യം വാഴുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.