| Wednesday, 5th May 2021, 8:34 am

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല; ഇസ്രാഈലിന്റെ നെതന്യാഹു കാലം അവസാനിക്കുന്നുവോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതായതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലില്‍. ഇതോടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മറ്റു കക്ഷികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ലഭിച്ചിരിക്കുകയാണ്.

മാര്‍ച്ച് 23ന് നടന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയ്ക്കായിരുന്നില്ല. തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടിയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവസരം നല്‍കുകയും 28 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

സമയപരിധി അവസാനിച്ചിട്ടും ഭൂരിപക്ഷം കണ്ടെത്താനാകായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് നെതന്യാഹു ഔദ്യോഗികമായി അറിയിച്ചതായി ഇസ്രാഈല്‍ പ്രസിഡന്റ് റൂവേന്‍ റിവ്‌ലിന്‍ അറിയിച്ചു.

1996 – 1999 വരെയും പിന്നീട് 2009 മുതലും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന നെതന്യാഹു രണ്ട് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്.

കേവല ഭൂരിപക്ഷം നേടാനാകാതായതോടെ അധികാരത്തില്‍ തുടരാനായി ഇസ്രാഈലിന്റെ തെരഞ്ഞെടുപ്പ് രീതികളില്‍ മാറ്റം വരുത്താന്‍ നെതന്യാഹു ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമം നടത്തിയെങ്കിലും പാളിപ്പോകുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ ലികുഡ് പാര്‍ട്ടിയ്ക്ക് പിന്നാലെ സീറ്റുകള്‍ നേടിയ ഇസ്‌ലാമിക് റാം പാര്‍ട്ടി, റിലീജിയസ് സിയണിസം അലയന്‍സ് എന്നീ വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളുമായി നെതന്യാഹുവിന് സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇസ്രാഈലിലെ 20 ശതമാനം വരുന്ന അറബ് സമൂഹത്തിന് ഗുണകരമാകുന്ന നടപടി സ്വീകരിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നാണ് റാം പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ റാം പാര്‍ട്ടി തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണെന്നും ഇവരുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നുമാണ് സിയണിസം പാര്‍ട്ടിയുടെ നിലപാട്.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബാസും സിയണിസം നേതാവ് ബെസലേല്‍ സ്‌മോട്രിച്ചും തമ്മില്‍ വലിയ വാഗ്വാദങ്ങളും നടന്നിരുന്നു. അതിനാല്‍ ഇരുപാര്‍ട്ടികളെയും ഒരുമിച്ച് തന്റെ സഖ്യകക്ഷിയാക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞില്ല.

അടുത്ത പാര്‍ട്ടിയായ ന്യൂ ഹോപ് നെതന്യാഹുവിനെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ലികുഡ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ഗിഡിയോണ്‍ സാറാണ് ന്യൂ ഹോഹിന്റെ സ്ഥാപകന്‍.

നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകാതായതോടെ ഇസ്രാഈല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം കണ്ടെത്താന്‍ സമയം അനുവദിക്കാനും ഇസ്രാഈല്‍ ഭരണഘടന അവസരം നല്‍കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി മറ്റൊരു നേതാവ് എത്തുമോയെന്ന ആകാംക്ഷയിലാണ് ലോകം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Israel’s Netanyahu Loses Mandate To Form Government, Opening Door For Rivals

We use cookies to give you the best possible experience. Learn more