| Tuesday, 26th December 2023, 8:41 am

നെതാന്യാഹുവിനെതിരെ പാർലമെന്റിൽ കൂവൽ; പ്രസംഗം തടസപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: പാർലമെന്റിൽ സംസാരിക്കുന്നതിനിടയിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൂവിയും പ്രസംഗം തടസപ്പെടുത്തിയും ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളുടെ ബന്ധുക്കൾ.

ബന്ദികളെ തിരികെ കൊണ്ടുവരുമെന്ന് നെതന്യാഹു പാർലമെന്റിൽ ഉറപ്പുനൽകിയപ്പോൾ ‘ഇപ്പോൾ!’ ‘ഇപ്പോൾ!’ എന്ന് ബന്ദികളുടെ ബന്ധുക്കൾ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.

എന്നാൽ ബന്ദികളെ കൊണ്ടുവരാൻ ഇസ്രഈലി സേന കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെതന്യാഹു പാർലമെന്റിൽ പറഞ്ഞു.

‘സൈനിക സമ്മർദമില്ലാതെ ഇതുവരെ 100ലധികം ബന്ദികളെ മോചിപ്പിക്കുന്നതിൽ നമ്മൾ വിജയിക്കുമായിരുന്നില്ല. സൈനിക സമ്മർദമില്ലാതെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനും നമുക്ക് സാധിക്കില്ല,’ നെതന്യാഹു പറഞ്ഞു.

നവംബർ അവസാന വാരം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ഉടമ്പടി പ്രകാരം ആകെയുള്ള 240 ബന്ദികളിൽ 100ലധികം ആളുകളെ മോചിപ്പിച്ചിരുന്നു.

129 ബന്ദികൾ ഇപ്പോഴും ഗസയിൽ ഉണ്ടെന്നാണ് ഇസ്രഈൽ പറയുന്നത്. ഇതിൽ മൂന്നു പേരെ ഇസ്രഈലി സേന ഈ മാസം തുടക്കത്തിൽ അബദ്ധത്തിൽ കൊലപ്പെടുത്തിയിരുന്നു.

ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്ററുകൾ കൈയിൽ പിടിച്ച് ഗാലറിയിൽ ഉണ്ടായിരുന്ന ബന്ധുക്കൾ നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തികൊണ്ട് പ്രതിഷേധം നടത്തി.

കഴിഞ്ഞദിവസം ഗസ സന്ദർശിച്ച നെതന്യാഹു ഇസ്രഈലി ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഫെബ്രുവരി വരെ തുടരുമെന്ന് കണക്കാക്കുന്ന യുദ്ധത്തിൽ 2024 ബജറ്റിൽ 14 ബില്യൺ യു.എസ് ഡോളർ അധികം വക ഇരുത്തേണ്ടി വരുമെന്ന് ഇസ്രഈലി ധനകാര്യ മന്ത്രി പറഞ്ഞു.

Content Highlight: Israel’s Netanyahu heckled inside parliament by families of Hamas captives

Latest Stories

We use cookies to give you the best possible experience. Learn more