ടെല്‍ അവീവ്: താന്‍ ഇസ്രഈലില്‍ സൃഷ്ടിച്ച രാഷ്ട്രീയ വിള്ളലുകളാണ് ഇസ്രഈലില്‍ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് കാരണമായതെന്ന് ഇസ്രഈല്‍ മുന്‍ പൊതു നയതന്ത്ര മന്ത്രി. ഇസ്രഈലിലെ മാധ്യമ സ്ഥാപനമായ ചാനല്‍ 13 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി ഗലിത് ഡിസ്റ്റല്‍ അറ്റ്ബാര്യന്‍.
കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രഈലില്‍ ഉണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ താന്‍ ഒരു ഭാഗമായിരുന്നുവെന്ന് ഡിസ്റ്റല്‍ അറ്റ്ബാര്യന്‍ ചാനലിനോട് പറഞ്ഞു. ഫലസ്തീനിന്റെ സായുധ സംഘടനയായ ഹമാസ് ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ആക്രമണം നടത്തിയതിന് ഇതൊരു കാരണമായി മാറിയെന്നായിരുന്നു മുന്‍ മന്ത്രിയുടെ കുറ്റസമ്മതം.
രാജ്യത്തെ തളര്‍ത്താന്‍ കാരണമായവരുടെ കൂട്ടത്തില്‍ താനും ഉള്‍പെടുന്നുവെന്നും ഇസ്രഈലില്‍ വിള്ളലുകളും ഭിന്നിപ്പും പിരിമുറുക്കവും സൃഷ്ടിക്കുന്നതില്‍ താനൊരു കൂട്ടുപ്രതിയായിയെന്നും ഡിസ്റ്റല്‍ അറ്റ്ബാര്യന്‍ പറഞ്ഞു.
രാജ്യത്തുണ്ടായ ഈ പിരിമുറുക്കം ഒരു ബലഹീനതയില്‍ കലാശിച്ചുവെന്നും ഡിസ്റ്റല്‍ അറ്റ്ബാര്യന്‍ വെളിപ്പെടുത്തി. രാഷ്ട്രീയപരമായ ഈ ദൗര്‍ബല്യമാണ് ഇസ്രഈലിലെ കൂട്ടക്കൊലക്ക് കാരണമായതെന്നും ഡിസ്റ്റല്‍ അറ്റ്ബാര്യന്‍ പറഞ്ഞു.
ഹമാസിന്റെ പ്രത്യാക്രമണത്തിന് ശേഷം ഒക്ടോബര്‍ 13ന് ഡിസ്റ്റല്‍ അത്ബാര്യന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
അതേസമയം ഇസ്രഈലിന്റെ ആക്രമണത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ മുന്‍ മന്ത്രി കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മധ്യ ഗസ മുനമ്പിലെ അല്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന സമരത്തില്‍ ഫലസ്തീന്‍ അതോറിറ്റിയിലെ മുന്‍ മതകാര്യ മന്ത്രിയായ യൂസഫ് സലാമ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israel’s former public diplomacy minister says the division I created in Israel led to Hamas attacks