ടെല്‍ അവീവ്: തങ്ങളുടെ സുരക്ഷാ ഉറപ്പാക്കാന്‍ ഗസ മുനമ്പില്‍ സ്ഥിരമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇസ്രഈലിന്റെ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്. ഫലസ്തീനിലെ നഗരങ്ങളില്‍ ജൂതരുടെ കുടിയേറ്റത്താലും ഇസ്രഈല്‍ സേനയെ സ്ഥിരമായി വിന്യസിച്ചും ഇത് സാധ്യമാക്കുമെന്നാണ് തീവ്ര വലതുപക്ഷ മന്ത്രി കൂടിയായ സ്‌മോട്രിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
ഗസയില്‍ ഇസ്രഈലി സേനയെ വിന്യസിക്കുന്നതിനും ജനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായുള്ള പദ്ധതികള്‍ അതിവേഗത്തില്‍ ഇസ്രഈലിന്റെ യുദ്ധ കാബിനറ്റില്‍ അവതരിപ്പിക്കുമെന്നും സ്‌മോട്രിച്ച് പറഞ്ഞു. ഗസയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ മുന്‍കാലങ്ങളില്‍ ഇസ്രഈല്‍ ഭരണകൂടം പരീക്ഷിച്ചതിന് സമാനമാകുമെന്ന് കരുതുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 156 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീനിലെ മരണസംഖ്യ 21,978 ആയി വര്‍ധിച്ചുവെന്നും 57,697 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7,000 പേരെ കാണാതാവുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഫലസ്തീന്റെ സായുധ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ഗസയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് സമീപം ഒരു ഇസ്രഈലി സൈനികനെ വധിച്ചതായി അറിയിച്ചു. കൂടാതെ അല്‍ ഖസ്സാം ബ്രിഗേഡിലെ സൈനികര്‍ തുഫാ എന്ന പ്രദേശത്തുവെച്ച് ഇസ്രഈലിന്റെ സൈനിക വാഹനങ്ങള്‍ ആക്രമിച്ചതായും വ്യക്തമാക്കി.
ഹമാസിന്റെ തിരിച്ചടിയില്‍ നിരവധി ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും തെക്ക് ഖാന്‍ യൂനിസിന് സമീപത്തായി മൂന്ന് ഇസ്രഈലി സൈനികര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹമാസിന്റെ അവകാശവാദങ്ങള്‍ എത്രമാത്രം ശരിയാണെന്നതില്‍ വ്യക്തതയില്ലെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചു.
Content Highlight: Israel’s finance minister says permanent control will be imposed on Gaza