‌അൽ ശിഫയിൽ ആക്രമണം അഴിച്ചുവിടാൻ ഇസ്രഈൽ മുഴക്കുന്ന ഇരവാദങ്ങൾ
World News
‌അൽ ശിഫയിൽ ആക്രമണം അഴിച്ചുവിടാൻ ഇസ്രഈൽ മുഴക്കുന്ന ഇരവാദങ്ങൾ
സബീല എല്‍ക്കെ
Thursday, 16th November 2023, 7:56 pm

ഹമാസിന് ഭരണപരവും സൈനികവുമായ നീക്കങ്ങൾ നടത്താനുള്ള നാഡീകേന്ദ്രമാണ് ​ഗസയിലെ അൽ ശിഫ ആശുപത്രിയെന്നാണ് ഇസ്രഈലിന്റെ വാദം. ആശുപത്രിക്ക് കീഴിലുള്ള ബങ്കറുകളിലും തുരങ്കങ്ങളിലുമാണ് ഹമാസിന്റെ ആസ്ഥാനമെന്നും ആശുപത്രി കെട്ടിടത്തെയും രോഗികളെയും ജീവനക്കാരെയും അവർ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും പറഞ്ഞാണ് ഇസ്രഈൽ തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുന്നത്.

1,200ഓളം ഇസ്രഈലികളെ കൊന്നൊടുക്കിയതിന് ശേഷം ഹമാസ് നേതാക്കൾ അൽ ശിഫ ആശുപത്രിക്ക് കീഴിലുള്ള ഒരു കമാൻഡ് കോംപ്ലക്സിൽ താവളമിട്ടിരിക്കുകയാണെന്നും ഇസ്രഈൽ വാദമുന്നയിക്കുന്നുണ്ട്. അടുത്തിടെ നടന്ന വാർത്താസമ്മേളനത്തിൽ ഒരു ഐ.ഡി.എഫ് വക്താവ് ആശുപത്രി സൈറ്റിന്റെ സാറ്റ്‌ലൈറ്റ് ഫോട്ടോ പ്രദർശിപ്പിക്കുകയും അതിൽ സൈനികരുടെ ആയുധങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ പക്കൽ യഥാർത്ഥ തെളിവുകളുണ്ടെന്നും വരുത്തിത്തീർത്തു.

കഴിഞ്ഞ മാസം ഇസ്രഈൽ തടങ്കലിലായ ഒരു ഹമാസ് നേതാവിന്റെ വീഡിയോയും അൽ ശിഫ ആശുപത്രിയിൽ അഴിച്ചുവിട്ട ആക്രമണത്തിന്റെ കാരണങ്ങളിലൊന്നായി ഇസ്രഈൽ ചൂണ്ടിക്കാട്ടി. ഇസ്രഈലിന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ ആശുപത്രികളിൽ ഒളിക്കാറുണ്ടെന്ന് ബന്ദിയാക്കിയ ഹമാസ് നേതാവിനെക്കൊണ്ട് പറയിക്കുന്നതാണ് വീഡിയോയിൽ.

എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 600 മുതൽ 650 വരെ കിടപ്പുരോഗികളും 200 മുതൽ 500 വരെ ആരോഗ്യ പ്രവർത്തകരും 1500ഓളം കുടിയിറക്കപ്പെട്ടവരുമാണ് നിലവിൽ അൽ ശിഫ ആശുപത്രിയിൽ അഭയം തേടുന്നത്. ഇവിടെയാണ് ഇസ്രഈൽ സേന ബോംബിട്ടും വെടിവെച്ചും വൈദ്യുതി വിച്ഛേദിച്ചും ഉപരോധം തീർത്തും അക്രമം തുടരുന്നത്.

ഗസയിലെ ആശുപത്രികൾക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്രഈൽ ഉപയോഗിക്കുന്ന നുണ പ്രചാരണം മാത്രമാണിതെന്ന് ഹമാസും ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. ഇസ്രഈൽ തങ്ങളുടെ അന്ധമായ ആക്രമണത്തെ ന്യായീകരിക്കാൻ വിചിത്രമായ അവകാശവാദം ഉന്നയിക്കുകയാണെന്നാണ് അൽ ശിഫയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഡോക്ടർ ഗസ്സൻ അബു സിത്ത പറഞ്ഞത്. ഇസ്രഈലിന്റെ ആരോപണം ശരിവെക്കാൻ കഴിയില്ലെന്ന് യു.എസ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചും പറഞ്ഞു.

ഇതിനകം ആയിരക്കണക്കിന് ആളുകൾ ആശുപത്രി വിട്ടു. എന്നാൽ ശേഷിക്കുന്ന രോഗികൾ ഊർജ ക്ഷാമം മൂലം മരിച്ചുവീഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ധനമില്ലാത്തതിനാൽ ഇൻകുബേറ്ററുകൾ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും പ്രവർത്തന രഹിതമായി. മൂന്ന് ദിവസത്തിനിടെ നവജാത ശിശുക്കളുൾപ്പെടെ 32 പേർ മരിച്ചതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, വടക്കൻ ഗസയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നീങ്ങാൻ ആളുകൾക്ക് അവസരം നൽകിയിരുന്നുവെന്ന് ഇസ്രഈൽ സൈന്യം പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങാൻ പറ്റാത്ത വിധം ഇസ്രഈൽ സേന ആശുപത്രിയെ വളഞ്ഞ് വെടിവെപ്പ് നടത്തുകയായിരുന്നെന്ന് അൽ ശിഫക്കുള്ളിലെ ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതാദ്യമായല്ല ഇസ്രഈൽ ആശുപത്രികളെ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത്. 1982ലെ ഇസ്രഈലിന്റെ ലബനാൻ ആക്രമണത്തിൽ ലബനാൻകാരും ഫലസ്തീനികളുമടക്കം 15-20,000 ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ഇസ്രഈൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായുണ്ടാക്കിയ സന്ധി അവസാനിപ്പിക്കാൻ തീരുമാനിക്കുകയും അതിന്റെ ഫലമായി സബ്രാ അഭയാർത്ഥി ക്യാമ്പിന് പുറത്തുള്ള ഫലസ്തീനികൾ നടത്തുന്ന കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് ബോംബ് വർഷിക്കുകയുമായിരുന്നു. അറുപത് മൃതദേഹങ്ങളാണ് പിന്നീടവിടെ നിന്നും പുറത്തെടുത്തത്.

2006ലെ യുദ്ധകാലത്തും ലബനീസ് ആംബുലൻസുകളെ ഉന്നം വെച്ച് ഇസ്രഈൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള അവരുടെ സൈനികാവശ്യങ്ങൾക്കായി ആംബുലൻസുകൾ ഉപയോഗപ്പെടുത്തുന്നുണ്ടന്ന ആരോപണത്തിന് യാതൊരടിസ്ഥാനവുമില്ലെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞത്.

2008-2009 കാലയളവിൽ നടന്ന ഓപറേഷൻ കാസ്റ്റ് ലീഡിൽ ഗസ മുനമ്പിൽ 22 ദിവസം നീണ്ടു നിന്ന ഇസ്രഈലിന്റെ സൈനിക ആക്രമണത്തിൽ 15 ആശുപത്രികൾ അടക്കം ഏകദേശം പകുതിയോളം വരുന്ന ഗാസയിലെ122 ആരോഗ്യ സംവിധാനങ്ങളെയും 29 ആംബുലൻസുകളെയയും തകർക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

തുടർന്ന് 2014ൽ പ്രൊട്ടക്റ്റീവ് എഡ്ജിന്റെ കാലത്ത് 17 ഹോസ്പിറ്റലുകളും 56 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇസ്രഈൽ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. ഇസ്രഈൽ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നുവെന്നതിന് ചരിത്രത്തിൽ ഇനിയുമുണ്ട് തെളിവുകൾ.

അൽ ശിഫ ആശുപത്രി ഇപ്പോൾ ശ്മശാന സമാനമാണ്. ആശുപത്രിയിൽ ഇസ്രഈൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രി വളപ്പിൽ തന്നെ കുഴിമാടമൊരുക്കി ഖബറടക്കി. അടിന്തര ചികിത്സ ആവശ്യമുള്ള 600ലധികം രോഗികൾ മരണമുഖത്താണ്.

Content Highlight: Israel’s false claims to attack Al shifa hospital