ടെൽ അവീവ്: കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഇസ്രഈൽ നേരിട്ട സാമ്പത്തിക ഞെരുക്കം രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലുതെന്ന് ഇസ്രഈൽ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്.
കഴിഞ്ഞ വർഷം അവസാന മൂന്ന് മാസം രാജ്യത്തിന്റെ ജി.ഡി.പി 19.4 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ആദ്യ ഇടിവാണിത്.
ബ്ലൂംബർഗും റോയിട്ടേഴ്‌സും ഒരുപോലെ പ്രവചിച്ചിരുന്ന 10 ശതമാനം ഇടിവിൽ നിന്നും എത്രയോ അധികമാണ് യഥാർത്ഥത്തിൽ ഇസ്രഈൽ പുറത്തുവിട്ട കണക്ക്.
യുദ്ധം ബിസിനസുകളെ സ്തംഭിപ്പിക്കുകയും കുടിയൊഴിപ്പിക്കൽ വർധിപ്പിക്കുകയും ചെയ്തതും കരുതൽ സേനയെ (ഔദ്യോഗിക സേനയുടെ ഭാഗമല്ലാത്ത, അടിയന്തര സാഹചര്യങ്ങളിൽ വിളിപ്പിക്കുന്ന സൈനികർ) കൂട്ടത്തോടെ വിളിപ്പിച്ചതും രാജ്യത്തെ തൊഴിലാളികളിൽ എട്ട് ശതമാനം കുറവുണ്ടാക്കിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ്-19 മഹാമാരിയുടേതിന് സമാനമായ നിയന്ത്രണങ്ങൾ വഴി ഉത്പാദന മേഖലയിലുണ്ടായ ഇടിവ് ഇസ്രഈലിന്റെ 520 ബില്യൺ ഡോളർ സമ്പദ്ഘടനയെ സാരമായി ബാധിച്ചുവെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
70 ശതമാനത്തോളം ഇടിവോടെ നിക്ഷേപ മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 2023 അവസാന പാദത്തിൽ സ്വകാര്യ ഉപഭോഗം 27 ശതമാനവും പൊതു ഉപഭോഗം 90 ശതമാനവും കുറഞ്ഞതായി ഡാറ്റകൾ സൂചിപ്പിക്കുന്നു.
അതേസമയം സർക്കാർ ചെലവുകൾ 88.1 ശതമാനത്തിലധികമായി കുതിച്ചുയരുകയാണ് ചെയ്തത്. സൈനിക വകുപ്പിലെ ചെലവുകളാണ് ഇത്ര വലിയ കുതിപ്പുണ്ടാക്കിയത്.
2022ൽ ഇസ്രഈലിന്റെ ജി.ഡി.പി 6.5 ശതമാനം വളർച്ച കൈവരിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം അത് രണ്ട് ശതമാനം മാത്രമായിരുന്നു.
ഈ മാസം തുടക്കത്തിൽ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇസ്രഈലിന്റെ ക്രെഡിറ്റ് റേറ്റിങ് തരംതാഴ്ത്തിയിരുന്നു (ഡൗൺഗ്രേഡ്).
Content Highlight: Israel’s economy shrinks by a fifth – data