ടെല്‍ അവീവ്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 5,000ലധികം ഇസ്രഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി ടെല്‍ അവീവ് പ്രതിരോധ മന്ത്രാലയം. പരിക്കേറ്റതും യുദ്ധത്തില്‍ പങ്കെടുക്കുന്നതുമായ ഇസ്രഈല്‍ സൈനികര്‍ മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നതായും പ്രതിരോധ മന്ത്രാലയ പുനരധിവാസ വകുപ്പ് മേധാവി ലിമോര്‍ ലൂറിയ പറഞ്ഞു.
ഗസയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഓരോ ദിവസവും അറുപതിലധികം പരിക്കേറ്റ ഇസ്രഈല്‍ സൈനികരെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇതിനുമുമ്പേ തങ്ങള്‍ അനുഭച്ചിട്ടില്ലായെന്ന് അധികൃതരും ലിമോര്‍ ലൂറിയയും സൂചിപ്പിച്ചു.
നിലവില്‍ രാജ്യത്ത് 2000 ത്തോളം സൈനികരെ വികലാംഗരായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലിമോര്‍ ലൂറിയ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ മുഴുവിപ്പിച്ച് ആശുപത്രികളില്‍ നിന്നും പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്നും വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാനാണ് പ്രതിരോധ മന്താലയം ശ്രമിക്കുന്നതെന്നും ലൂറിയ കൂട്ടിച്ചേര്‍ത്തു. അതിലൂടെ മാത്രമേ ഇനിവരുന്ന രോഗികളെ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാനും ചികിത്സ നല്‍കാനും കഴിയുകയുള്ളുവെന്ന് പുനരധിവാസ വകുപ്പ് മേധാവി വ്യക്തമാക്കി.
പരിക്കേറ്റവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നടത്താന്‍ ആരാണ് അവരെയൊക്കെ സഹായിക്കുക എന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ ചോദ്യം. സാരമായി പരിക്കേറ്റ സൈനികര്‍ക്ക് വേണ്ട വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്തുനല്‍കാന്‍ സര്‍ക്കാര്‍ മറക്കരുതെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
തങ്ങളുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇസ്രഈല്‍ ഈ തലത്തിലുള്ള ആഘാതം അനുഭവിച്ചിട്ടില്ല എന്ന് സൈന്യത്തിലെ വികലാംഗരുടെ സംഘടനാ തലവനായ ഇഡാന്‍ കലിമാന്‍ പറഞ്ഞു. ഒക്ടോബര്‍ 7ന് ശേഷം 420 ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
സൈനികര്‍ നേരിടുന്ന ഏകദേശം 12 ശതമാനം പരിക്കുകളും പ്ലീഹ, വൃക്കകള്‍, മറ്റു ആന്തരിക അവയവങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. 60 ശതമാനത്തോളം പേര്‍ക്കും കൈകള്‍ക്കും കാലുകള്‍ക്കുമാണ് മുറിവേറ്റിട്ടുള്ളത്. കൂടാതെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സൈനികര്‍ക്കിടയില്‍ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വര്‍ധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം ഗസയില്‍ കുറഞ്ഞത് 7,112 കുട്ടികള്‍ ഉള്‍പ്പെടെ 17,177 കൊല്ലപ്പെട്ടതായാണ് കണക്ക്. ഏകദേശം 46,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Israel’s defense ministry says wounded soldiers will face mental health crisis within months