| Saturday, 6th January 2024, 7:40 pm

ഗസയിലെ ഭരണപദ്ധതി നിർദേശിച്ച് ഇസ്രഈൽ പ്രതിരോധ മന്ത്രി; നിർദേശം തള്ളി നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഭരണ പദ്ധതി നിര്‍ദേശിച്ച് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗസയിലെ സുരക്ഷാ നിയന്ത്രണം ഇസ്രഈല്‍ ഭരണകൂടം ഏറ്റെടുക്കുകയും, ഇസ്രഈല്‍ അംഗീകാരം നല്‍കുന്ന ഒരു ഫലസ്തീന്‍ ബോഡി ഗസയിലെ ദൈനംദിന ഭരണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്ന് യോവ് ഗാലന്റ് പറഞ്ഞു.

എന്നാല്‍ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞു. ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം സാധ്യമല്ലെന്ന് നെതന്യാഹു യോവ് ഗാലന്റിന് മറുപടി നല്‍കി. പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനത്തിന് ഒരു മാസം മുമ്പേ ഗസയിലെ നിയന്ത്രണം ഇസ്രഈല്‍ സൈന്യം ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു.

ഗസയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രഈലിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് യോവ് ഗാലന്റ് ഗസയിലെ ഭരണ പദ്ധതി പ്രഖ്യാപിച്ചത്.

ഫലസ്തീന്‍ അതോറിറ്റിയെ ശക്തിപ്പെടുത്തണമെന്നും 2007 മുതല്‍ ഗസയില്‍ ഭരണം നടത്തുന്ന ഹമാസില്‍ നിന്ന് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഈ നടപടി സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിലേക്ക് നയിക്കുമെന്നും യു.എസ് പറഞ്ഞിരുന്നു.

അതേസമയം ഗസയിലെ ഇസ്രഈലിന്റെ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിറിയയിലെയും ഇറാഖിലെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാഖ് ആക്രമണം നടത്തിയിരുന്നു.

യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് എന്ന സംഘടന ടെലിഗ്രാം ചാനലിലൂടെ അറിയിച്ചിരുന്നു.

Content Highlight: Israel’s Defense Minister Reveals Gaza Governance Plan

We use cookies to give you the best possible experience. Learn more