‘ഞാൻ ആദ്യം ചിന്തിച്ചത് 1948ലെ നക്ബയെക്കുറിച്ചാണ് (ദുരന്തം). ഇസ്രഈൽ അധികാരികൾ വീണ്ടും അത് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതി. അതെന്റെ ചിന്തയായിരുന്നില്ല അതായിരുന്നു സത്യം. ഞങ്ങളുടെ ഭൂമിയും വീടുകളും കൈക്കലാക്കാനാണ് അവർ ശ്രമിക്കുന്നത്. ഒഴിപ്പിക്കൽ ഉത്തരവ് കേട്ടപ്പോൾ, എൻ്റെ ആദ്യ പ്രതികരണം ഇതായിരുന്നു, ഞാൻ പോകുന്നില്ല. ഞാൻ അധ്വാനിച്ചതെല്ലാം ഉപേക്ഷിക്കുക എന്നത് ഒരു ഓപ്ഷനല്ല, പക്ഷേ പിന്നീട് അവർ ബോംബുകൾ വർഷിക്കാൻ ആരംഭിച്ചു. ഞങ്ങളുടെ വീടുകൾ നശിപ്പിക്കപ്പെട്ടു, എനിക്ക് എൻ്റെ കുടുംബത്തെ സംരക്ഷിക്കേണ്ടതുണ്ട്.അതുകൊണ്ട് അവസാനം ഞാൻ പലായനം ചെയ്യാൻ തീരുമാനിച്ചു.
2023 നവംബർ 30ന് വടക്കൻ ഗസയിലെ ജബാലിയക്കടുത്തുള്ള വീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം തെക്ക് ഖാൻ യൂനിസിലേക്ക് പലായനം ചെയ്ത 49 കാരനായ ഡോ. ഹസന്റെ വാക്കുകളാണിവ. തെക്കൻ ഇസ്രഈലിൽ ഒക്‌ടോബർ 7ന് ഹമാസിൻ്റെ പ്രത്യാക്രമണത്തിന് ശേഷം, ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസയെ ഒരു ‘വിജനമായ ദ്വീപ്’ ആക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ആ പ്രതിജ്ഞയുടെ ഇരകളാണ് ഗസയിൽ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യ ജീവനുകൾ.
ഗസയിൽ നടക്കുന്നത് യുദ്ധക്കുറ്റമാണ്. മനുഷ്യത്വത്തിനെതിരെയുള്ള അതിക്രമമാണ്. മനുഷ്യത്വത്തിനെതിരായ ഇസ്രായേലിൻ്റെ കുറ്റകൃത്യങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്, ലോകാരോഗ്യ സംഘടന, ഫലസ്തീൻ ഗവൺമെൻ്റ് എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഗസയിലെ പകുതിയിലധികം വീടുകളും കേടുപാടുകൾ സംഭവിച്ചതോ നശിപ്പിക്കപ്പെട്ടതോ ആണ്. 80 ശതമാനം വാണിജ്യ സൗകര്യങ്ങളും, 87 ശതമാനം സ്കൂൾ കെട്ടിടങ്ങളും തകർക്കപ്പെട്ടു.
ഗാസയിലെ ഓരോ മണിക്കൂറിലും15 പേർ വീതം കൊല്ലപ്പെടുന്നു. അതിൽ ആറും കുട്ടികളാണ്. ഒക്ടോബർ 7-ന് ഇസ്രഈൽ -ഗസ യുദ്ധം ആരംഭിച്ചതിന് ശേഷം ജൂലൈ 31 വരെ 125-ലധികം പത്രപ്രവർത്തകർ കൊല്ലപ്പെട്ടു.
2023 ഒക്‌ടോബർ മുതൽ ഗസയിൽ ഫലസ്തീൻ പൗരന്മാരെ വൻതോതിൽ ബോധപൂർവം നിർബന്ധിതമായി കുടിയിറക്കാൻ ഇസ്രഈൽ അധികാരികൾ ശ്രമിച്ചിട്ടുണ്ടെന്നും യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇസ്രഈൽ അധികാരികളുടെ ക്രൂരമായ പ്രവർത്തനങ്ങൾ ഗസയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകളെ അതായത് 1.9 ദശലക്ഷം പലസ്തീനികളെ കുടിയൊഴിപ്പിക്കാൻ ഇടയാക്കിയത് എങ്ങനെയെന്ന് ഈ റിപ്പോർട്ട് പരിശോധിക്കുന്നു. കഴിഞ്ഞ 13 മാസത്തിനിടെ ഗസയുടെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ‘ബഫർ സോണുകളും’ ‘സുരക്ഷാ ഇടനാഴികളും’ സൃഷ്ടിക്കുക എന്ന വ്യാജേനെ ഇസ്രായേൽ സൈന്യം ബോധപൂർവ്വം ഗസ നിവാസികളുടെ വീടുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും പൊളിച്ച് മാറ്റി.
ഫലസ്തീനികളെ രക്ഷപ്പെടാനുള്ള വഴികളിൽ വെച്ച് കൊല്ലുകയും, സുരക്ഷിത മേഖലകൾ എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളിൽ ബോംബുകൾ വർഷിക്കുകയും, ഭക്ഷണം, വെള്ളം, എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രഈൽ സർക്കാരിന് ഗസയിൽ സാധാരണക്കാരെ സുരക്ഷിതരാക്കാൻ തങ്ങൾ ശ്രമിച്ചു എന്ന് അവകാശപ്പെടാനാവില്ല.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗസയിൽ കുടിയൊഴിപ്പിക്കപ്പെട്ട 39 ഫലസ്തീനികളുമായി അഭിമുഖം നടത്തുകയും ഒപ്പം 184 ഒഴിപ്പിക്കൽ ഓർഡറുകളും വ്യാപകമായ നാശം സ്ഥിരീകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും ഉൾപ്പെടെ, ഇസ്രായേലിൻ്റെ ഒഴിപ്പിക്കൽ സംവിധാനം എങ്ങനെയായിരുന്നു എന്ന് വിശകലനം ചെയ്യുകയും ചെയ്തു.
ഗസയിലെ ജനങ്ങളെ ഇസ്രഈൽ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചതിനെ ന്യായീകരിക്കാൻ യാതൊരുവിധ കാരണങ്ങളുമില്ല എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കണ്ടെത്തി. ഇസ്രായേലിൻ്റെ ഒഴിപ്പിക്കൽ സംവിധാനം ജനങ്ങളെ സാരമായി ബാധിക്കുകയും പലപ്പോഴും അത് ജനങ്ങളിൽ ഭയവും ഉത്കണ്ഠയും പടർത്താൻ കാരണമാവുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്മാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുപകരം, ഇസ്രായേൽ സൈന്യം പലായന പാതകളും സുരക്ഷിത മേഖലകളും ആവർത്തിച്ച് ആക്രമിച്ചു.
Aids cannot be delivered; It is reported that 3.5 million people in Gaza will starve this winter
കൂടാതെ ഒഴിപ്പിക്കലുകൾ അനുവദിക്കുന്നതിന് മതിയായ സമയം സിവിലിയന്മാർക്ക് നൽകുകയോ അവരുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല. വികലാംഗരെയും പരസഹായമില്ലാതെ പുറത്തുപോകാൻ കഴിയാത്തവരെയും അവർ പരിഗണിച്ചില്ല.
അധിനിവേശ ശക്തി എന്ന നിലയിൽ, കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്മാരെ പാർപ്പിക്കാൻ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇസ്രഈൽ ബാധ്യസ്ഥനാണ്. എന്നാൽ ആവശ്യമായ മാനുഷിക സഹായം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയുടെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം ഗസയിൽലേക്ക് എത്തുന്നത് അധികാരികൾ തടഞ്ഞു. ആശുപത്രികൾ, സ്‌കൂളുകൾ, ജല-ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, ബേക്കറികൾ, കൃഷിഭൂമി എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങൾ ഇസ്രഈലികൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്‌തു.
പ്രദേശത്തെ യുദ്ധം അവസാനിച്ചാലുടൻ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണ്. എന്നാൽ ഗസയുടെ ഭൂരിഭാഗം പ്രദേശവും വാസയോഗ്യമല്ലാതായി മാറ്റപ്പെട്ടിരിക്കുന്നു.
തങ്ങളെ കുടിയൊഴിപ്പിച്ച ഗസയിലെ പ്രദേശങ്ങളിലേക്ക് മടങ്ങാനുള്ള അവകാശത്തെ ഇസ്രായേൽ മാനിക്കണം എന്നതാണ് ഫലസ്തീൻ പൗരന്മാരുടെ ആവശ്യം. ഏതാണ്ട് എട്ട് പതിറ്റാണ്ടുകളായി, ഇസ്രായേൽ അധികാരികൾ ഗസയിലെ ജനസംഖ്യയുടെ 80 ശതമാനം അഭയാർത്ഥികളെയും അവരുടെ പിൻഗാമികളെയും ഇന്നത്തെ ഇസ്രായേലിൽ നിന്ന് പുറത്താക്കുകയോ പലായനം ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്തു. ഈ ആക്രമണങ്ങളെ ഫലസ്തീനികൾ “നക്ബ” എന്ന് വിളിക്കുന്നു .
ഗസയിലെ ഫലസ്തീനികൾ 17 വർഷമായി നിയമവിരുദ്ധമായ ഉപരോധത്തിന് കീഴിലാണ് ജീവിക്കുന്നത്. ഇത് മാനവികതയ്‌ക്കെതിരായ തുടർച്ചയായ കുറ്റകൃത്യങ്ങളുടെയും വർണ്ണവിവേചനത്തിൻ്റെയും പീഡനത്തിൻ്റെയും ഭാഗമാണ്.
‘ഗസയിലെ ജനതയെ ഇസ്രായേൽ നിർബന്ധിതമായി കുടിയിറക്കുന്നത് യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് ഗവൺമെൻ്റുകൾ പരസ്യമായി അപലപിക്കണം. കൂടാതെ ആ കുറ്റകൃത്യങ്ങൾ ഉടനടി നിർത്താനും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒന്നിലധികം ഉത്തരവുകൾ പാലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യണം.
അമേരിക്കയും ജർമ്മനിയും മറ്റ് രാജ്യങ്ങളും ഇസ്രയേലിനുള്ള ആയുധ കൈമാറ്റവും സൈനിക സഹായവും ഉടൻ നിർത്തിവയ്ക്കണം. ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് തുടരുന്നത് യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, മറ്റ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തണം,’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ അഡ്വൈസറി ഒപ്പീനിയനിൽ പറയുന്നു.
Content Highlight: israels crimes against humanity in gaza