ഗസയിലെ ഇസ്രഈല്‍ ബോംബിങ് രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ കാര്‍പെറ്റ് ബോംബിങ്ങിന് സമാനം: റിപ്പോര്‍ട്ട്
ജെറുസലേം: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോബിങ് ആക്രമണങ്ങള്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മന്‍ നഗരങ്ങളില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന കാര്‍പെറ്റ് ബോബിങ് മൂലമുണ്ടായ അപകടത്തോട് സമാനമാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്.
ചരിത്രത്തില്‍ തന്നെ ഏറ്റവും കടുത്ത രീതിയില്‍ പരമ്പരാഗത ബോബിങ് കാമ്പെയ്നുകള്‍ നടന്ന സ്ഥലമായി ഗസ മാറുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ അമേരിക്കന്‍ ആയുധങ്ങളുടെ സഹായത്താല്‍ ഗസയിലെ 70 ശതമാനം കെട്ടിടങ്ങളും ഇസ്രഈല്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ചില ജില്ലകളില്‍ 70 ശതമാനത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് കണക്ക്. ഗസയില്‍ ഉടനീളം 82,600 നും 105,300 നും ഇടയില്‍ കെട്ടിടങ്ങള്‍ അവശിഷ്ടങ്ങളായി അവശേഷിക്കുന്നുണ്ട്. അതായത് ഗസയിലെ പകുതി കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചുവെന്ന് കണക്കാക്കപ്പെടുന്നു.
ഇസ്രഈലിന്റെ ക്രൂരമായ ബോംബിങ് കാമ്പെയ്നുകള്‍ കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്‍മാര്‍, ആശുപത്രികള്‍, യു.എന്‍ നടത്തുന്ന സ്‌കൂളുകള്‍, മോസ്‌ക്കുകള്‍, പള്ളികള്‍, ബേക്കറികള്‍, വാട്ടര്‍ ടാങ്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
43 പേരുടെ മരണത്തിനിടയാക്കിയ ഗസയിലെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 1,000 എല്‍.ബി, 2,000 എല്‍.ബി ബോംബുകള്‍ ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇത്തരത്തില്‍ ഭാരമേറിയ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതില്‍ ഇസ്രഈല്‍ യുദ്ധക്കുറ്റ അന്വേഷണത്തിന് വിധേയമാവണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നു.