ജറുസലേം: സെപ്റ്റംബറില്‍ നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷം ഇതുവരെയും പുതിയ സര്‍ക്കാരുണ്ടാക്കാനാവാതെ ഇസ്രഈല്‍.
സര്‍ക്കാരുണ്ടാക്കുന്നതിനായി 28 ദിവസം സമയം ലഭിച്ച ബെന്നി ഗാന്റ്‌സ് സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മാസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബെന്നി ഗാന്റ്‌സിന് അവസരം നല്‍കിയത്.
ഇദ്ദേഹം കൂടി പരാജയപ്പെട്ടതോടെ ഒരു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ഇസ്രഈലില്‍ തെളിയുന്നത്.
ഇസ്രഈലിന്റെ ചരിത്രത്തിലാദ്യമായാണ് രണ്ടു പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നത്.
ഇരു നേതാക്കളും സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ 21 ദിവസമാണ് ഇനി തീരുമാനമെടുക്കാന്‍ ഇസ്രഈല്‍ പ്രസിഡന്റ് റീവന്‍ റെവ്‌ലിന്റെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇവരിലൊരാളെ നിശ്ചയിക്കണം.
പ്രസിഡന്റ് തെരഞ്ഞെടുത്ത ആളെ പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് ഇസ്രഈല്‍ നീങ്ങുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിസന്ധി ഇസ്രാഈലില്‍ ഉണ്ടായത്.സെപ്റ്റംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 32 സീറ്റും. 60 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.ഏപ്രിലില്‍ നടന്ന തെരെഞ്ഞടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാലാണ് സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.