ജറുസലേം: ഒരു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് ഇസ്രഈല്‍ നീങ്ങവെ വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അപകട നിലയിലേക്കെന്ന് സൂചന.
നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഗിദിയോണ്‍ സാര്‍ ആണ് നെതന്യാഹുവിനെതിരെ മത്സരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലിക്വിഡ് പാര്‍ട്ടിയില്‍ നെതന്യാഹുവിന് കാര്യമായ പിന്തുണ ഉണ്ട്. എന്നിരുന്നാലും ഈയടുത്ത് വന്ന അഴിമതി ആരോപണങ്ങള്‍ നെത്യന്യാഹുവിനു ലഭിക്കുന്ന പിന്‍ബലത്തെ കുറച്ചേക്കാം.
സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുമായി സമനിലയായ സാഹചര്യത്തില്‍ നെതന്യാഹുവിന്റെ പാര്‍ട്ടി നേതൃസ്ഥാനം ആശങ്കയിലാണ്. എതിരാളിയായ ഗിദിയോണ്‍ സാര്‍ മുന്‍മന്ത്രി സഭാംഗവും പാര്‍ട്ടിയില്‍ അവമതിപ്പുള്ളയാളുമാണ്.
പാര്‍ട്ടി തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതിനൊപ്പം നെതന്യാഹുവിന് കുറ്റം ചാര്‍ത്തപ്പെട്ട അഴിമതിക്കേസിലും ഉടന്‍ വിചാരണയുണ്ടാവും.
മൂന്ന് വ്യത്യസ്ത അഴിമതിക്കേസുകളിലായി അറ്റോര്‍ണി ജനറല്‍ നെതന്യാഹുവിനെതിരെ കൈക്കൂലി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിരിക്കുന്നത്.
അഴിമതിക്കേസില്‍ പെട്ടതിനാല്‍ പ്രധാനമന്ത്രി സ്ഥാനമൊഴിച്ച് മറ്റു മന്ത്രി സ്ഥാനങ്ങള്‍ നെതന്യാഹു കഴിഞ്ഞ ദിവസം രാജി വെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നോടെ അദ്ദേഹം മന്ത്രി സ്ഥാനങ്ങള്‍ ഒഴിഞ്ഞ് ആ സ്ഥാനങ്ങളിലേക്ക് മറ്റ് വ്യക്തികളെ നിയമിക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇസ്രഈല്‍ നിയമമനുസരിച്ച് അഴിമതി കേസുകള്‍ ചുമത്തപ്പെടുന്നവര്‍ മന്ത്രി സ്ഥാനമൊഴിയണം. അതിനാലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴികെയുള്ള മന്ത്രി സ്ഥാനങ്ങള്‍ നെതന്യാഹു ഒഴിയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇസ്രഈല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്്.