| Thursday, 1st February 2024, 2:50 pm

'ഹമാസുമായി വെടിനിർത്തൽ ഉടമ്പടിയുണ്ടാക്കിയാൽ സർക്കാരിനെ താഴെയിറക്കും'; നെതന്യാഹുവിന് ഇസ്രഈൽ മന്ത്രിയുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഹമാസുമായി ‘അശ്രദ്ധമായ’ കരാർ ഉണ്ടാക്കിയാൽ സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിയുമായി ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ.

‘അശ്രദ്ധമായ കരാർ = സർക്കാരിനെ പിരിച്ചുവിടും,’ ബെൻ ഗ്വിർ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു.

ഇസ്രഈൽ പാർലമെന്റായ നെസെറ്റിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നയിക്കുന്ന മുന്നണിക്ക് 64 എം.പിമാരാണുള്ളത്. 120 അംഗങ്ങളുള്ള നെസെറ്റിൽ ഭരണം നേടാൻ 61 എം.പിമാരുടെ പിന്തുണയാണ് ആവശ്യം.

ബെൻ ഗ്വിറിന്റെ ജോയിസ് പവർ പാർട്ടിക്ക് നെസെറ്റിൽ 14 എം.പിമാരാണുള്ളത്. ഇവർ പിന്തുണ പിൻവലിച്ചാൽ തന്നെ സർക്കാരിനെ താഴെ ഇറക്കാൻ സാധിക്കും.

ഹമാസുമായി ഏതുതരത്തിലുമുള്ള വെടിനിർത്തൽ ചർച്ചകളെ എതിർക്കുമെന്ന നിലപാടിലാണ് ബെൻ ഗ്വിറും ധനകാര്യമന്ത്രി ബെസാലെൽ സ്മോട്രിച്ചും.

ഹമാസ് ബന്ദികളാക്കിയ കൂടുതൽ പേരെ മോചിപ്പിക്കുന്നതിന് വെടിനിർത്തൽ ഉടമ്പടി യെക്കുറിച്ച് ചർച്ച ചെയ്തു വരികയാണെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ആറ് ആഴ്ചയോളം നീളുന്ന വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി 35 ഇസ്രഈലി ബന്ദികളെയും ആയിരത്തോളം ഫലസ്തീനി തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള നിർദേശമാണ് ചർച്ചയിലുള്ളതെന്ന് ഇസ്രഈലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

ഹമാസ് മേധാവിയായ ഇസ്മായിൽ ഹനിയെയും വെടിനിർത്തലുമായി ബന്ധപ്പെട്ട നിർദേശം പഠിച്ചുവരികയാണെന്ന് അറിയിച്ചിരുന്നു.

Content Highlight: Israel’s Ben-Gvir threatens to topple government over any ‘reckless’ deal with Hamas

We use cookies to give you the best possible experience. Learn more