ഗസ: ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എയെ ഇസ്രഈല്‍ നിരോധിച്ചത് ഗസയില്‍ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി ഗസയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍.ആര്‍.ഡബ്ല്യൂ. ഏജന്‍സിയെ ഒരു സംഘടനയ്ക്കും മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ എതിര്‍പ്പുകളുണ്ടായാല്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കും ഫലസ്തീനിലും പല തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സുരക്ഷാ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു.
ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനോ കുറവ് വരുത്താനോ ശ്രമിക്കുന്നവര്‍ക്കെതിരെ കൗണ്‍സില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ പാര്‍ലമെന്റിന്റെ തീരുമാനം കടുത്ത ആശങ്ക ജനിപ്പിക്കുന്നതായും ഏജന്‍സിയുടെ അവകാശങ്ങളെയും പ്രതിരോധത്തെയും മാനിക്കണമെന്നും സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കൗണ്‍സില്‍ ഇസ്രഈലിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മാനുഷികതയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും നിഷ്പക്ഷതയോടെയും പക്ഷപാതമില്ലാതെയും പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച കൗണ്‍സില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കണമെന്നും ആവശ്യപ്പെട്ടു.
ജോര്‍ദാന്‍, സിറിയ, ലെബനനന്‍ ഉള്‍പ്പെടെ അവശ്യവിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസ സേവനങ്ങള്‍, സാമൂഹിക സേവനങ്ങള്‍, അടിയന്തര സഹായങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെയെല്ലാം ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ഏജന്‍സിക്ക് വളരെ വലിയ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റാം നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കുന്നത്.
യു.എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പുതിയ നിയമത്തിനെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെല്ലാം അവഗണിച്ച് 120 പാര്‍ലമെന്റ് അംഗങ്ങളില്‍ 92 പേരുടെയും പിന്തുണയോടെ നിയമം പാസാക്കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
യു.എന്‍.ആര്‍.ഡബ്ല്യൂ.എ എന്ന ഏജന്‍സിയ്ക്ക് ഇസ്രഈലില്‍ നേരിട്ടോ അല്ലാതെയുള്ള പ്രാതിനിധ്യമോ സേവനങ്ങളോ നല്‍കില്ലെന്നും യാതൊരു പ്രവര്‍ത്തനവും ഉണ്ടാവില്ലെന്നും നിയമത്തില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
Content Highlight: Israel’s ban on UNRWA will have humanitarian consequences: UN Security Council