|

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ പ്രഖ്യാപനത്തില്‍ പ്രതികാരനടപടിയുമായി ഇസ്രഈല്‍; 27 ഫ്രഞ്ച് ജനപ്രതിനിധികളുടെ വിസ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫലസ്തീന്‍ രാഷട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 27 ഫ്രഞ്ച്  ജനപ്രതിനിധികളുടെ വിസ റദ്ദാക്കി ഇസ്രഈല്‍ ഭരണകൂടം. ജെറുസലേമും ഫലസ്തീന്‍ അതോറിറ്റിയും സന്ദര്‍ശിക്കാന്‍ ഫ്രഞ്ച് പ്രതിനിധി സംഘം പുറപ്പെടാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് ഇസ്രഈലിന്റെ ഈ പ്രതികാര നടപടി.

ഇസ്രഈല്‍ രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആളുകളെ തടയാന്‍ ഭരണകൂടത്തെ അനുവദിക്കുന്ന നിയമം അനുസരിച്ചാണ് ഫ്രഞ്ച് ജനപ്രതിനിധികളുടെ വിസ റദ്ദാക്കിയതെന്ന് ഇസ്രഈല്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനപ്രതിനിധികളുടെ സംഘത്തില്‍ ഫ്രാന്‍സിലെ പരിസ്ഥിതി ശാസ്ത്രജ്ഞരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരും മേയര്‍മാരും ഉള്‍പ്പെട്ടിരുന്നു. അന്താരാഷ്ട്ര സഹകരണവും സമാധാനവും ശക്തിപ്പെടുത്തുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. വിസ നിരോധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ വലിയ വിള്ളല്‍ ആണെന്ന് വിശേഷിപ്പിച്ച സംഘം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ഈ വിഷയത്തില്‍ പ്രതികരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് മാക്രോണ്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അറിയിച്ചത്. ജൂണില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും മാക്രോണ്‍ അറിയിച്ചിരുന്നു. ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്നും ഫലസ്തീനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഇസ്രഈലിനെക്കൂടി അംഗീകരിക്കാന്‍ അനുവദിക്കുന്ന ഒരു പ്രക്രിയയില്‍ പങ്കെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.

ജൂണില്‍ സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് മാക്രോണ്‍ പദ്ധതിയിട്ടിരിക്കുന്നത്.

എന്നാല്‍ ഫ്രാന്‍സിന്റെ തീരുമാനത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇസ്രഈലിന് അടുത്തായി അത്തരമൊരു രാഷ്ട്രം സ്ഥാപിക്കുന്നത് ഭീകരതയ്ക്ക് പണം നല്‍കുന്നത് പോലെയാണെന്നാണ് നെതന്യാഹു പറഞ്ഞത്.

Content Highlight: Israel retaliates against France’s announcement to recognize Palestinian state; cancels visas of 27 French lawmakers

Latest Stories

Video Stories