| Wednesday, 28th February 2024, 3:07 pm

ഫലസ്തീന്‍ അതോറിറ്റിക്ക് നികുതി വരുമാനം കൈമാറുന്നത് ഇസ്രഈല്‍ പുനരാരംഭിക്കുമെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീന്‍ അതോറിറ്റിക്ക് നികുതി വരുമാനം കൈമാറുന്നത് പുനരാരംഭിക്കാന്‍ ഇസ്രഈല്‍ സമ്മതിച്ചതായി യു.എസ്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും അവശ്യ സേവനങ്ങളെ പിന്തുണക്കാനുമാണ് നികുതി വരുമാനം കൈമാറാന്‍ ഇസ്രഈല്‍ സമ്മതിച്ചതെന്ന് യു.എസ് പറഞ്ഞു.

വരുമാനം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറാന്‍ ഇസ്രഈല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു. 30 വര്‍ഷം മുമ്പ് ഒപ്പുവച്ച ഓസ്‌ലോ ഉടമ്പടി പ്രകാരം നികുതി വരുമാനം തടഞ്ഞുവെക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തങ്ങളുടെ ഭരണത്തെ സ്വാധീനിക്കുമെന്ന് ഫലസ്തീനിലെ നേതാക്കള്‍ ആരോപിച്ചിരുന്നു. ഫണ്ടിന്റെ ഒരു ഭാഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇസ്രഈല്‍ ധനമന്ത്രാലയം അത് തള്ളിക്കളഞ്ഞെന്നും അവര്‍ ആരോപിച്ചു.

1990 മുതല്‍ ഇസ്രഈല്‍ ധനകാര്യ മന്ത്രാലയം ഫലസ്തീന്‍ പൗരന്‍മാര്‍ക്കായി നികുതി പിരിക്കുകയും അതില്‍ നിന്നുള്ള പ്രതിമാസ വരുമാനം ഫലസ്തീന്‍ അതോറിറ്റിക്ക് വേണ്ടി കൈമാറുകയും ചെയ്യുന്നുണ്ട്. 1990ല്‍ രൂപംകൊണ്ട സമാധാന ഉടമ്പടികളുടെ ഭാഗമായാണ് നികുതി പിരിവ് ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കാന്‍ ധാരണയായത്. എന്നാല്‍ ഇസ്രഈല്‍ സേന ​ഗസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം നവംബര്‍ മുതല്‍ നികുതി പിരിവ് നടന്നിട്ടില്ല.

അതേസമയം അമേരിക്കയിലെ ഇസ്‌രഈല്‍ എംബസിക്ക് മുമ്പില്‍ തീകൊളുത്തി മരിച്ച അമേരിക്കന്‍ സൈനികൻ ആരോണ്‍ ബുഷ്‌നലിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അനുശോചനം അറിയിച്ചു. സൈനികന്റെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പൂര്‍ണ ഉത്തരവാദിയെന്നും ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുന്നു എന്നതിന്റെ തെളിവാണ് നിലവില്‍ കാണുന്നതെന്നും ഹമാസ് പറഞ്ഞു.

Contant Highlight: Israel resumes tax revenue transfer to PA, US

We use cookies to give you the best possible experience. Learn more