ഫലസ്തീനെ അംഗീകരിച്ചതിന് പിന്നാലെ സ്പാനിഷ് നയതന്ത്രജ്ഞര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രഈല്‍
World News
ഫലസ്തീനെ അംഗീകരിച്ചതിന് പിന്നാലെ സ്പാനിഷ് നയതന്ത്രജ്ഞര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 10:53 pm

ടെല്‍ അവീവ്: സ്‌പെയിന്‍ നയതന്ത്രജ്ഞര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രഈല്‍. സ്പാനിഷ് എംബസിയും കിഴക്കന്‍ ജെറുസലേമിലെ സ്പാനിഷ് കോണ്‍സുലേറ്റ് ജനറലും നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു.

ഫലസ്തീനിനെ സ്‌പെയിന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഇസ്രഈലിന്റെ നീക്കം.

സ്‌പെയിന്‍ ഉപപ്രധാനമന്ത്രി യോലാന്‍ഡ ഡയസ് ജൂത വിരുദ്ധയാണെന്നും ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു. ഫലസ്തീനിനെ അംഗീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഡയസ് പങ്കുവെച്ച ഒരു വീഡിയോ ഉദ്ധരിച്ചുകൊണ്ടായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം. തീവ്ര ഇസ്‌ലാം എന്താണ് മനസിലാക്കണമെങ്കില്‍ അല്‍-ആന്‍ഡലസിലെ 700 വര്‍ഷത്തെ ഇസ്‌ലാമിക ഭരണത്തെ കുറിച്ച് ഡയസ് പഠിക്കണമെന്നും ഇസ്രഈല്‍ കാറ്റ്‌സ് എക്സില്‍ പറഞ്ഞു.


എന്നാല്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ഡയസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ സ്വീകരിച്ച വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഇതെന്നതും ഡയസ് പ്രതികരിച്ചിരുന്നു.

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുക മാത്രമാണ് ഏക വഴിയെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ രാജ്യങ്ങളായ നോര്‍വേയും അയര്‍ലന്‍ഡും സ്പെയിനും നിര്‍ണായക തീരുമാനത്തിലെത്തിയത്.

ഇതോടെ ഫലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമായി കണക്കാക്കുന്ന 140 രാജ്യങ്ങളോടൊപ്പം സ്‌പെയിനും നോര്‍വെയും അയര്‍ലന്‍ഡും ഉള്‍പ്പെടും. ബ്രിട്ടനും യു.എസും ഉള്‍പ്പടെ ഐക്യരാഷ്ട്ര സഭയുടെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ഫലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ട്.

ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ നോര്‍വേയില്‍ നിന്ന് ഇസ്രഈല്‍ അംബാസിഡറെ തിരിച്ചുവിളിച്ചിരുന്നു. ഫലസ്തീനെ അംഗീകരിച്ചതിനെ തുടര്‍ന്ന് അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും തീവ്രവാദത്തെ അംഗീകരിക്കുന്നുവെന്നാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പ്രതികരിച്ചത്.

Content Highlight: Israel restricts Spanish diplomats after recognizing Palestine