ടെഹ്‌റാന്‍: ഒമാനില്‍ വെച്ച് ഇസ്രഈലിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ വിദേശകാര്യ വക്താവ് ആണ് ഇസ്രഈലിന്റെ ആരോപണത്തെ തള്ളി രംഗത്തെത്തിയത്.
‘കാറ്റ് വിതയ്ക്കുന്നവര്‍ കൊടുങ്കാറ്റ് കൊയ്യുമെന്ന കാര്യം മറക്കരുത്. ഈ ഭരണം എവിടെ പോയാലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരാണ്. ഇസ്രഈല്‍ ഭരണകൂടത്തെ ഈ മേഖലയില്‍ കാലുകുത്താന്‍ അനുവദിച്ചവരാണ് ഈ ആക്രമണത്തിന് ഉത്തരവാദികള്‍,’ ഇറാന്‍ വിദേശകാര്യ വക്താവ് സെയ്ദ് കദീബ്‌സാദേ പറഞ്ഞു.
അതേസമയം ആക്രമണത്തെ അപലപിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രംഗത്തെത്തിയിരുന്നു. ഇറാന്‍ വലിയൊരു തെറ്റാണ് ചെയ്തതെന്നും തങ്ങളുടേതായ രീതിയില്‍ പ്രതികരിക്കുമെന്നും ബെന്നറ്റ് അറിയിച്ചു.
മെര്‍സര്‍ സ്ട്രീറ്റ് ഓയില്‍ ടാങ്കര്‍ കപ്പലിലേക്കാണ് ഡ്രോണ്‍ ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇസ്രഈല്‍ സ്വദേശിയായ ഇയാല്‍ ഓഫറിന്റെ നിയന്ത്രണത്തിലുള്ള ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈം കമ്പനിയുടെ കപ്പലിലേക്കാണ് ആക്രമണം നടന്നത്.