| Friday, 10th June 2022, 9:24 am

പെഗസസിനെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണം: ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍ ഡി.സി: ചാരസോഫ്റ്റ്‌വെയറായ പെഗാസസിനെ യു.എസ് ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രഈല്‍. പെഗസസിന്റെ നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പിനെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണമെന്നാണ് ഇസ്രഈലിന്റെ ആവശ്യം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ യു.എസ് വിദേശനയത്തിനും ദേശീയ സുരക്ഷ താത്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് വാണിജ്യ വകുപ്പ് പറഞ്ഞതിന് പിന്നാലെയാണിത്.

ഇസ്രഈലിന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും നിരസിച്ചുവെന്നും വാര്‍ത്തകള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് എന്‍.എസ്.ഒയെ യു.എസ് ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ചില മോശം ക്ലയന്റുകള്‍ കാരണം കമ്പനിയുടെ സേവനങ്ങളോ പ്രവര്‍ത്തനങ്ങളോ വേണ്ടെന്ന് വെക്കുന്നത് ശരിയല്ലെന്ന് യു.എസിനെ അറിയിച്ചതായി മുതിര്‍ന്ന ഇസ്രഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

എന്‍.എസ്.ഒയെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് മുന്‍പ് എന്തെല്ലാമാണ് പരിഹരിക്കേണ്ടെതെന്ന് വ്യക്തമാക്കണമെന്നും കമ്പനിക്ക് മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ അവസരം നല്‍കണമെന്നും ഇസ്രഈല്‍ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍.എസ്.ഒ നിര്‍മിച്ച പെഗസസ് സോഫ്റ്റ്‌വെയര്‍ വിവിധ സര്‍ക്കാരുകള്‍ രാഷ്ട്രീയ വിമതര്‍, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെ ലക്ഷ്യമിട്ട് ഉപയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. ലോകനേതാക്കളെ ലക്ഷ്യമിട്ടും സ്‌പൈവെയര്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

ഒരിക്കല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ പെഗസസ് ഉപയോക്താവിന് ഫോണിലെ എല്ലാ മെസേജുകളും, ഫോണ്‍ കോളുകളും ആക്‌സസ് ചെയ്യാന്‍ സാധിക്കും.

ഇസ്രഈലി ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2017ല്‍ ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്വെയര്‍ വാങ്ങി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

ഇസ്രഈലിന്റെ സുഹൃത്ത് രാജ്യങ്ങള്‍ക്ക് വില്‍ക്കാനായിരുന്നു ആദ്യം ഇസ്രഈല്‍ സര്‍ക്കാര്‍ കമ്പനിക്ക് ലെസന്‍സ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ നല്‍കി.

അമേരിക്ക പക്ഷെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സോഫ്റ്റ്വെയര്‍ നല്‍കാനുള്ള ലൈസന്‍സ് എന്‍.എസ്.ഒക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ വില്‍ക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയ 2017ല്‍ തന്നെയാണ് ഇന്ത്യ സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Content Highlight: Israel request US to remove NO from blacklist

Latest Stories

We use cookies to give you the best possible experience. Learn more