ടെല്‍ അവീവ്: ഗസയില്‍ നടത്തുന്ന അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്ന ഇസ്രഈലി സൈനികരുടെയും ഫലസ്തീന്‍ പൗരന്മാരുടെയും കണക്കുകള്‍ സ്ഥിരീകരിക്കുന്നതിന് ഇസ്രഈലിന് സ്വന്തമായി വിശ്വസനീയമായ ഉറവിടമില്ലെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ മരണസംഖ്യയെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇത്തരം കണക്കുകള്‍ക്കും മരണസംഖ്യക്കും വേണ്ടി ഇസ്രാഈലി സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തെയാണ് ആശ്രയിക്കുന്നതെന്ന് ഇസ്രഈല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനിടയിലും അതിനു മുമ്പും മന്ത്രാലയം നടത്തിയ സമഗ്രമായ അന്വേഷണവും സ്ഥാപനത്തിന്റെ സ്ഥിതിവിവര കണക്കുകളൂം കൃത്യവും വിശ്വസനീയമാണെന്നും വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ യു.എസ് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് പ്രദേശത്ത് സംഘര്‍ഷം വ്യാപിക്കുമോ എന്ന ആശങ്കക്ക് കാരണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ ആമിര്‍ അബ്ദുള്ളാഹിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗസയിലെ രക്തച്ചൊരിച്ചിലിന് അടുത്ത കാലത്തൊന്നും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യു.എസ് നല്‍കി വരുന്ന പിന്തുണ ഇപ്പോള്‍ അവസാനിപ്പിച്ചാല്‍ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പത്ത് മിനിട്ട് പോലും അതിജീവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,490 ആയി വര്‍ധിച്ചുവെന്നും 63,354 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
Content Highlight: Israel reportedly has no source to confirm the death rate in Gaza