ഗസ: അവയവങ്ങൾ എടുത്തുമാറ്റിയ ശേഷം വികൃതമാക്കിയ 80 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രഈൽ കൈമാറിയതായി ഗസയിലെ മീഡിയ കാര്യാലയം.
മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമായിരുന്നു ഉണ്ടായിരുന്നത് എന്നും ഇരകളുടെ പേരോ എവിടെ നിന്നാണ് അവരെ തട്ടിക്കൊണ്ട് പോയത് എന്നോ പറയാൻ ഇസ്രഈൽ വിസമ്മതിച്ചുവെന്നും ഗസയിലെ സർക്കാർ മീഡിയ കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ഇസ്രഈൽ സേന വടക്കൻ ഗസയിലെ ജബലിയ നഗരത്തിലെ കല്ലറകൾ കുഴിച്ചെടുത്ത് ഫലസ്തീനികളുടെ മൃതദേഹങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയിരുന്നു എന്നും മീഡിയ കാര്യാലയം ആരോപിച്ചു.
ഫലസ്തീനി രക്തസാക്ഷികളുടെ മൃതദേഹങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയി അവയവങ്ങൾ എടുത്തുമാറ്റുന്നതിനെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്നും മീഡിയ കാര്യാലയം അറിയിച്ചു.
വികൃതമാക്കിയ മൃതദേഹങ്ങൾ തെക്കൻ ഗസയിലെ റഫ നഗരത്തിൽ കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്തു.
ഇസ്രഈൽ വിട്ടുനൽകിയ മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നുവെന്നും തിരിച്ചറിയാൻ പ്രയാസമായിരുന്നുവെന്നും ഹമാസ് പറഞ്ഞു.
‘ശത്രുക്കൾ ചെയ്തത് യുദ്ധക്കുറ്റമാണ്. മരിച്ചവരോടുള്ള അനാദരവാണ് ഇത്,’ ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വടക്കൻ ഗസയിലെ അൽ ശിഫ ആശുപത്രിയിൽ നിന്നും ഇന്തോനേഷ്യൻ ആശുപത്രികളിൽ നിന്നും ഇസ്രഈൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ എടുത്തുകൊണ്ട് പോകുന്നതായി ജനീവ ആസ്ഥാനമായ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ ആരോപിച്ചിരുന്നു.
ഇസ്രഈൽ വിട്ടുനൽകിയ മൃതദേഹങ്ങളിൽ വൃക്ക, കരൾ, ഹൃദയം, കോക്ലിയ, കോർണിയ പോലുള്ള പ്രധാനപ്പെട്ട അവയവങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ഗസയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയതായി യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പറയുന്നു.
Content Highlight: Israel releases 80 mutilated bodies with stolen organs for burial in Gaza