Worldnews
ഇസ്രഈൽ തടവറയിൽ ഡോക്ടർമാർ നേരിട്ടത് ക്രൂരപീഡനം: വെളിപ്പെടുത്തലുമായി അൽ ഷിഫ ഡോക്ടർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 02, 03:32 am
Tuesday, 2nd July 2024, 9:02 am

ഗസ: ഇസ്രഈൽ തടവറയിൽ ഫലസ്തീനികൾ നേരിട്ടത് കൊടിയ പീഡനമെന്ന് മോചിപ്പിക്കപ്പെട്ട തടവുകാരുടെ വെളിപ്പെടുത്തൽ. ഇസ്രഈൽ തടവിലാക്കിയ അൽ ഷിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാൽമിയ ഉൾപ്പെടെയുള്ളവർ നേരിട്ടത് കൊടിയ പീഡനമെന്ന് അദ്ദേഹം പറഞ്ഞു.

‘രാവും പകലും വ്യത്യാസമില്ലാതെ കൊടിയ പീഡനം ഞങ്ങൾ നേരിട്ടു,’ ഡോക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. ഏഴ് മാസത്തെ തടവിനു ശേഷമാണ് ഇദ്ദേഹത്തെ ഇസ്രഈൽ വിട്ടയക്കുന്നത്. സൈന്യം ക്രൂരമായി മർദിച്ചെന്നും വിട്ടയക്കപ്പെട്ടവർ പറഞ്ഞു.

ഡോ. സാൽമിയക്കൊപ്പം 50 ഫലസ്തീൻ തടവുകാരെയും ഇസ്രഈൽ വിട്ടയച്ചിട്ടുണ്ട്. ഹമാസിന്റെ കേന്ദ്രമെന്ന് ആരോപിച്ചാണ് നവംബറിൽ അൽ ഷിഫ ആശുപത്രി ആക്രമിച്ച് ഇസ്രഈൽ സൈന്യം ഇവരെ പിടികൂടിയത്.

പല തരത്തിലാണ് ഫലസ്തീനികളെ ഇസ്രഈൽ സേന പീഡിപ്പിക്കുന്നതെന്ന് ഡോ. മുഹമ്മദ് അബു സാൽമിയ പറഞ്ഞു. മിക്കവാറും എല്ലാ ദിവസവും തടവുകാരെ മർദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ തന്റെ തല പൊട്ടുകയും കൈവിരൽ ഒടിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈൽ ഡോക്ടർമാർ ഉൾപ്പടെയുള്ള എല്ലാവരും തങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡോക്ടർമാർ ഉൾപ്പടെ എല്ലാവരും ഞങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. വേണ്ടവിധം ചികിത്സ ലഭിക്കാതെ പലരുടെയും കൈകാലുകൾ മുറിച്ച് മാറ്റേണ്ടതായി വന്നിട്ടുണ്ട്. ഭക്ഷണം പോലും നൽകിയില്ല പല ദിവസവും തടവുകാരെ പട്ടിണിക്കിടുകയും ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 27ന് യു.എൻ നേതൃത്വത്തിൽ രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ്
ഡോ. അബു സെൽമിയയെ ഇസ്രഈൽ കസ്റ്റഡിയിലെടുത്തത്.

തന്റെ തടങ്കൽ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും മൂന്ന് തവണ തന്നെ കോടതിയിൽ ഹാജരാക്കി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരിക്കലും കുറ്റം ചുമത്തുകയോ അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Also Read: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: രാഷ്ട്രീയം വേണോ എന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

ഇസ്രഈൽ തടവറകളിൽ ക്രൂര പീഡനമാണെന്ന് നേരിട്ടതെന്ന് നേരത്തെ മോചിതരായ പല ഫലസ്തീനികളും വെളിപ്പെടുത്തിയിരുന്നു. അതേസമയം, അൽ ശിഫ ആശുപത്രി ഡയറക്ടറുടെ ആരോപണത്തെ കുറിച്ച് ഇസ്രഈൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ വന്ന ആരോപണങ്ങൾ ജയിൽ അധികൃതർ തള്ളിയിരുന്നു. അതേസമയം, അബു സാൽമിയയെ വിട്ടയച്ച നടപടിയെ ഇസ്രഈലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ വിമർശിച്ചു. തങ്ങളുടെ അഭിപ്രായം തേടാതെയാണ് ഇവരെ മോചിപ്പിച്ചതെന്ന് അവർ പറഞ്ഞു.

തീവ്രവാദികൾ വീണ്ടും തമ്പടിച്ചതായി ആരോപിച്ച് ഈ വർഷം ആദ്യവും സൈന്യം ആശുപത്രിയിൽ ആക്രമണം നടത്തി.

അൽ ഷിഫക്ക് പുറമെ, നിരവധി ആശുപത്രികൾ ഇസ്രായേൽ സേന ആക്രമിക്കുകയും പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, സേന ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ഫലസ്തീനികളുടെ ചികിത്സയാണ് മുടങ്ങിയത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 37,800 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

 

 

Content Highlight: Israel released al shifa hospital head  dr. abu saalim