സ്പെയിനിന്റെ ഫലസ്തീൻ അനുകൂല നിലപാടിൽ പ്രതിഷേധം; അംബാസിഡറെ തിരിച്ചുവിളിച്ച് ഇസ്രഈൽ
മാഡ്രിഡ്: ഗസയിലെ ഇസ്രഈൽ ആക്രമണത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സ്പെയിനിലെ ഇസ്രഈൽ അംബാസിഡറെ തിരിച്ചുവിളിച്ച് ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം.
പ്രതിഷേധ സൂചകമായി ഇസ്രഈലിലെ സ്പാനിഷ് അംബാസിഡറെയും വിളിപ്പിച്ചിരുന്നു.
ഗസയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലെ വർധനവും കാണുമ്പോൾ ഹമാസിനോട് യുദ്ധം ചെയ്യുന്ന ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് സാഞ്ചസ് സ്പാനിഷ് മാധ്യമമായ ടി.വി.ഇയോട് പറഞ്ഞിരുന്നു.
‘അടിസ്ഥാനരഹിതമായ വാദങ്ങൾ ആവർത്തിക്കുന്ന സ്പാനിഷ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ കാരണം സ്പെയിനിലെ ഇസ്രഈലി അംബാസിഡറെ കൂടിക്കാഴ്ചയ്ക്കായി ജെറുസലേമിലേക്ക് വിളിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണ് ഇസ്രഈൽ പ്രവർത്തിക്കുന്നതും ഇനി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതും. എല്ലാ ബന്ദികളും തിരിച്ചു വരികയും ഗസയിൽ നിന്ന് ഹമാസിനെ തുടച്ചുനീക്കുകയും ചെയ്യുന്നത് വരെ യുദ്ധം തുടരും,’ ഇസ്രഈലി വിദേശകാര്യ മന്ത്രി എലി കോഹൻ എക്സിൽ പോസ്റ്റ് ചെയ്തു.