ജോര്‍ദ്ദാന്‍: ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമത്തില്‍ നിന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇസ്രഈല്‍ സൈന്യം ഒഴിപ്പിച്ചത് 73 ഫലസ്തീന്‍ ജനങ്ങളെ. 41 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത വര്‍ഷങ്ങള്‍ക്കിടയില്‍ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണിത്.
വെസ്റ്റ് ബാങ്കിലെ ബെദൊയ്ന്‍ ഗ്രാമത്തിലെ വീടുകളും കന്നുകാലിശാലകളും ശൗചാലയങ്ങളും ഉള്‍പ്പെടെ തകര്‍പ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ നിര്‍മാണങ്ങളാണ് ഗ്രാമത്തില്‍ നടന്നതെന്നാണ് ഇസ്രഈല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഗ്രാമത്തില്‍ നിന്നും ഒഴിഞ്ഞുപോകില്ലെന്നാണ് ഫലസ്തീനികളായ പ്രദേശവാസികള്‍ പറയുന്നത്.
‘അവര്‍ക്ക് ( ഇസ്രഈല്‍ സെറ്റ്‌ലേഴ്‌സിന്) ഞങ്ങളുടെ സ്ഥലത്ത് ജീവിക്കാന്‍ വേണ്ടി ഞങ്ങളെ ഇവിടെ നിന്ന് പുറത്താക്കുകയാണ്. പക്ഷെ ഞങ്ങള്‍ ഇവിടെ നിന്നും പോവില്ല,’ വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിലെ പ്രദേശവാസികളിലൊരാളായ ഹബ്രി അബു കബ്ഷ് പറഞ്ഞു. 1967 ലെ യുദ്ധത്തില്‍ ഇസ്രഈല്‍ സൈന്യം പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലേക്ക് 430,000 ഇസ്രഈല്‍ പൗരന്‍മാരെ സെറ്റില്‍മെന്റ് ചെയ്തിട്ടുണ്ട്.