വെസ്റ്റ് ബാങ്കിലെ ടര്‍ക്കിഷ് ആശുപത്രിയില്‍ ഇസ്രഈലിന്റെ റെയ്ഡ്; രണ്ട് മരണം
World News
വെസ്റ്റ് ബാങ്കിലെ ടര്‍ക്കിഷ് ആശുപത്രിയില്‍ ഇസ്രഈലിന്റെ റെയ്ഡ്; രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 10:38 pm

ജെറുസലേം: വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ക്കിഷ് ആശുപത്രിയില്‍ റെയ്ഡ് നടത്തി ഇസ്രഈലി സൈന്യം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ സൈന്യം കസ്റ്റഡിയിലെടുത്തതായും രോഗികളെ ഭീഷണിപ്പെടുത്തിയതായും ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹങ്ങള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യമെന്ന് ജീവനക്കാര്‍ പ്രതികരിച്ചു.

പരിക്കേറ്റവരെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ സൈന്യം റെയ്ഡ് നടത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റെയ്ഡില്‍ ആശുപത്രിയുടെ വാതില്‍, ജനല്‍, പരിശോധന മെഷിനുകള്‍ ഉള്‍പ്പെടെ സൈന്യം തകര്‍ത്തിട്ടുണ്ട്.

റെയ്ഡിനിടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള തുബാസ് ടര്‍ക്കിഷ് സ്റ്റേറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. മഹ്‌മൂദ് ഗന്നം, ആശുപത്രിയുടെ ജനറല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ സ്റ്റാഫുകളെ സൈന്യം മിനിട്ടുകള്‍ നേരത്തേക്ക് കസ്റ്റഡിയില്‍ വെച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

അഖബ ഗ്രാമത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൈന്യം ആശുപത്രിയില്‍ റെയ്ഡ് നടത്തിയത്. ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് ഫലസ്തീനികളെ ലക്ഷ്യമിട്ടാണ് സൈന്യം അഖബയില്‍ ആക്രമണം നടത്തിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ ഗസയില്‍ ഇതുവരെ 44,532 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 105,538 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം 30 ഫലസ്തീനികളെ കൊലപ്പെടുത്തി. ആക്രമണത്തില്‍ 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Israel raids Turkish hospital in West Bank