ടെല്‍ അവീവ്: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിഭീകരമായ ഭൂമികുലുക്കത്തില്‍ വിദ്വേഷ പ്രസ്താവനയുമായി ഇസ്രഈല്‍ പുരോഹിതന്‍. ഭൂകമ്പത്തിലൂടെ ദൈവനീതിയാണ് നടപ്പിലായതെന്നാണ് വടക്കന്‍ ഇസ്രഈലിലെ സഫേദ് പ്രവിശ്യയുടെ മുഖ്യ പുരോഹിതനായ ഷുമേല്‍ ഏലിയാഹു പറഞ്ഞത്.
ഈ രാജ്യങ്ങള്‍ ജൂതരെ ഉപദ്രവിച്ചിരുന്നെന്ന് ആരോപിച്ച ഷുമേല്‍ ഏലിയാഹു അതുകൊണ്ടാണ് അവര്‍ക്ക് ദൈവം ദുരന്തം വിതച്ചതെന്നും പറഞ്ഞു.
ഒലം കത്താന്‍ എന്ന പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഭൂകമ്പത്തെ കുറിച്ച് വെറുപ്പ് നിറഞ്ഞ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയത്. സിറിയയെയും തുര്‍ക്കിയെയും കൂടാതെ, അയല്‍രാജ്യങ്ങളിലെ ഭൂകമ്പത്തെ തുടര്‍ന്ന് സാമ്പത്തിക പിരിമുറുക്കത്തിലായ ലെബനനെയും ഷുമേല്‍ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്.
‘നൂറ് കണക്കിന് വര്‍ഷമായി രാജ്യത്തുള്ള ജൂത നിവാസികളെ ഉപദ്രവിച്ച സിറിയ മൂന്ന് തവണ ഇസ്രഈലിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചു. ഇസ്രഈല്‍ ചാരനായ എലി കോഹനെ തൂക്കിലേറ്റി.
തുര്‍ക്കിയുടെ കാര്യത്തില്‍ എന്താണ് ദൈവത്തിന്റെ കണക്കുപുസ്തത്തിലുള്ളതെന്ന് നമുക്കറിയില്ല. നമ്മളെ അത്രയധികം മോശമാക്കി അവര്‍ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്.
പക്ഷെ നമ്മുടെ ശത്രുക്കള്‍ക്കുള്ള വിധിയെഴുത്തിന് ദൈവം തീരുമാനിച്ചിരിക്കുകയാണെങ്കില്‍, ഒരു കാര്യം ഉറപ്പാണ്, അത് ഈ ലോകത്തെ ശുദ്ധീകരിച്ച് കൂടുതല്‍ മികച്ചതാക്കി മാറ്റാന്‍ തന്നെയായിരിക്കും.
ഒരിക്കല്‍ മിഡില്‍ ഈസ്റ്റിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ലെബനന്‍ ഇപ്പോള്‍ നരകമായി തീര്‍ന്നിരിക്കുന്നു. ഇതൊന്നും വെറുതെ സംഭവിക്കുന്നതല്ല,’ ഷുമേല്‍ പറയുന്നു.
ഷുമേല്‍ ഏലിയാഹുവിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെയും ഇത്തരത്തിലുള്ള വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഷുമേല്‍.
അറബുകളെയും ഫലസ്തീനികളെയും വംശീയമായി അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഷുമേല്‍ നടത്തിയിട്ടുണ്ട്. ഇസ്രാഈല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അറബുകള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കണമെന്നായിരുന്നു 2008ല്‍ ഇയാള്‍ ഉയര്‍ത്തിയ ഒരു ആവശ്യം.
അതേസമയം തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിലെ മരണനിരക്ക് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 28000ത്തിലേറെ മരണങ്ങള്‍ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.
ലോകരാജ്യങ്ങളെല്ലാം തുര്‍ക്കിയിലേക്കും സിറിയയിലേക്കും രക്ഷാദൗത്യ സംഘങ്ങളെ അയക്കുന്നുണ്ട്. ഇസ്രഈലും സംഘത്തിനെ അയച്ചിട്ടുണ്ട്.
Content Highlight: Israel Rabbi’s hateful comment on Syria-Turkey Earthquake