ജെറുസലേം: ഹമാസിന് മുമ്പില്‍ ഇസ്രഈല്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ തടങ്കലിലുള്ള ബന്ധികളെ വിട്ടയക്കുകയാണെങ്കില്‍ രണ്ട് മാസത്തേക്ക് യുദ്ധം നിര്‍ത്തിവെക്കാന്‍ ഇസ്രഈല്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഖത്തര്‍, ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ മുഖേന ഇസ്രഈല്‍ ഇക്കാര്യം ഹമാസിന് മുമ്പില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പേര് വെളിപ്പെടുത്താത്ത രണ്ട് ഇസ്രഈലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ആക്‌സിയസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ ഏഴിന് ഗസയില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം 240 ഇസ്രഈലികളെയാണ് ഹമാസ് പിടികൂടിയത്. നവംബര്‍ അവസാനത്തോടെ ഇതില്‍ ചിലരെ മാനുഷിക പരിഗണനയില്‍ വിട്ടയച്ചെങ്കിലും ഇപ്പോഴും 130ഓളം പേര്‍ ഹമാസിന്റെ തടവിലാണെന്നാണ് ഇസ്രഈല്‍ കണക്കാക്കുന്നത്.
ആക്‌സിയസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ നിര്‍ദേശം യുദ്ധ കാബിനെറ്റ് പത്ത് ദിവസം മുമ്പ് തന്നെ അംഗീകരിക്കുകയും ഖത്തര്‍, ഈജിപ്ത് വഴി ഹമാസിന് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇസ്രഈല്‍ ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഹമാസ് ഈ നിര്‍ദേശം അംഗീകരിക്കുമെന്നാണ് ഇസ്രഈല്‍ വിശ്വസിക്കുന്നതെന്നും ആക്‌സിയസ് വ്യക്തമാക്കുന്നു.
സ്ത്രീകളെയും 60 വയസിന് മുകളിലുള്ള പുരുഷന്‍മാരെയും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയുമാണ് ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കേണ്ടത് എന്നാണ് നിര്‍ദേശത്തിലെ നിബന്ധന. രണ്ടാം ഘട്ടത്തില്‍ വനിതാ സൈനികര്‍, 60 വയസില്‍ താഴെയുള്ള പുരുഷന്‍മാര്‍, പുരുഷ സൈനികര്‍ എന്നിവരെയും ഒടുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കൈമാറും.
യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വെടിനിര്‍ത്തല്‍ കരാറാണിത്.
രണ്ട് മാസത്തേക്ക് യുദ്ധം നിര്‍ത്തിവെക്കാന്‍ തയ്യാറാണെങ്കിലും യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാനോ തങ്ങളുടെ തടവില്‍ കഴിയുന്ന 6,000ഓളം ഫലസ്തീനികളുടെ മോചനത്തിനോ ഉള്ള ഒരു നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും ആക്‌സിയസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങള്‍ മോചിപ്പിക്കുന്ന ഓരോ കാറ്റഗറിയിലെ തടവുകര്‍ക്കും പകരമായി എത്ര പേരെ മോചിപ്പിക്കുമെന്നത് ഹമാസും ഇസ്രഈലും മുന്‍കൂട്ടി സമ്മതിക്കുകയും അവരുടെ പേരുകള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്യുകയും വേണം.
ഗസയുടെ ചില ഭാഗങ്ങളിലെ ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പുനര്‍വിന്യാസവും പടിപടിയായി ഫലസ്തീനികളെ ഗസ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതും ഈ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഹമാസ് ഈ കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ 60 ദിവസത്തിന് ശേഷം മാത്രമായിരിക്കും മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ പുനരാംരഭിക്കുകയെന്നും എന്നാല്‍ അത് തീവ്രത കുറഞ്ഞ തരത്തിലായിരിക്കുമെന്നും ആക്‌സിയസുമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഏകദേശം 10,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും 16,000 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഇസ്രഇല്‍ കണക്കാക്കുന്നത്. എന്നാല്‍ ഇത് ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിനേക്കാള്‍ എത്രയോ കുറവാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം 25,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഗസ അറിയിക്കുന്നത്.
ഗസയിലെ സാധാരണ പൗരന്‍മാരുടെ മരണനിരക്ക് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് ഇസ്രഈലിന്റെ വാദം.
Content Highlight: Israel proposes two-month ceasefire in Gaza to free all hostages: report