ജെറുസലേം: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആക്രമണഭീഷണി മുഴക്കിയ ഇറാനെ പ്രതിരോധിക്കാന്‍ ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇസ്രഈല്‍. സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റിനാണ് ബങ്കറിന്റെ നിര്‍മ്മാണ ചുമതല.
ഒരുപക്ഷെ രാജ്യത്തിന് നേരെ ആക്രമണമുണ്ടാവുന്ന സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭ ഈ ബങ്കറിന് കീഴില്‍ നിന്നാകും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയെന്ന് ഈസ്രഈലി പത്രപ്രവര്‍ത്തകന്‍ ബെന്‍ കാസ്പിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘കമാന്റ് ആന്റ് കണ്‍ട്രോള്‍’എന്ന് പേരിട്ടിരിക്കുന്ന പുതിയ ബങ്കര്‍ ടെല്‍ അവീവിലെ കിരിയ മിലിട്ടറി ബേസുമായും ഇസ്രഈലിലെ മറ്റ് ബങ്കറുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
ദീര്‍ഘകാല താമസത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഈ ബങ്കര്‍ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നവയാണ്. ഇതാദ്യമായല്ല ഭൂഗര്‍ഭ ബങ്കറുകള്‍ ഉപയോഗിച്ച് ഇസ്രഈല്‍ സൈന്യം യുദ്ധം ചെയ്യുന്നത്. 201ല്‍ കിരിയ ബേസിന്റെ കീഴിലുള്ള ‘സിയോണ്‍ കോട്ട’ എന്ന് വിളിക്കപ്പെടുന്ന ന്യൂക്ലിയര്‍ പ്രൂഫ് ബങ്കര്‍ ഉപയോഗിച്ച് ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ്(ഐ.ഡി.എഫ്) യുദ്ധം ചെയ്തിരുന്നു.
ഇറാന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍ എത്തിയ ഹനിയ, സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇറാന്‍, പ്രത്യാക്രമണം നടത്തുമെന്ന് യു.എസ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ചൊവ്വാഴ്ച്ച ഹിസ്ബുള്ള കമാന്‍ഡറായ ഫുവാദ് ഷുക്കറിനെ ഇസ്രഈല്‍ കൊലപ്പെടുത്തിയതിന്റെ ഭാഗമായി ഹിസ്ബുള്ളയും ഇറാനൊപ്പം പങ്ക് ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇറാന്‍ ഏത് തരം ആക്രമണമാണ് ഇസ്രഈലിനെതിരെ പ്രയോഗിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഏപ്രിലില്‍ ഇറാന്റെ, സിറിയയിലെ കോണ്‍സുലേറ്റ് ആക്രമിച്ചതിന് മറുപടിയായി നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ നടത്തിയ അതേ രീതിയിലുള്ള വ്യോമാക്രമണം തന്നെയാവും ഇനിയും നടത്തുക എന്നാണ് സൂചന.
അന്നത്തെ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഇസ്രഈലിന് സംഭവിച്ചിരുന്നില്ല. സ്രഈലിന്റെ അയണ്‍ ഡോം എയര്‍ സിസ്റ്റങ്ങള്‍ അന്ന് തുണയായെങ്കിലും നിരവധി മിസൈലുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഇറാന് സാധിച്ചിരുന്നു.
ഇസ്രഈല്‍ പ്രതിരോധ മന്ത്രി യെവ് ഗാലന്റ് കഴിഞ്ഞ ദിവസം മുതിര്‍ന്ന സൈനിക, പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴിച്ച നടത്തിയിരുന്നു.
ഇറാനും അവരുടെ പ്രോക്സി ഗ്രൂപ്പുകളും നടത്തുന്ന ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
Content Highlight: Israel preparing underground bunker for Iranian attack