ഗസ: ഇസ്രഈല്‍ ഭരണകൂടം ഗസ മുനമ്പിലേക്കുള്ള ആശയവിനിമയം വിച്ഛേദിച്ചതായി ഹമാസ്. ലോകത്തിന്റെ കണ്ണില്‍ നിന്ന് തീരദേശ പ്രദേശങ്ങളെ മറച്ച് നിര്‍ത്തിക്കൊണ്ട് കൂടുതല്‍ വംശഹത്യകള്‍ നടത്താന്‍ ഭരണകൂടം തയ്യാറെടുക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. വെള്ളിയാഴ്ച ഒരു പത്രപ്രസ്താവനയിലൂടെയാണ് ഹമാസ് ഇക്കാര്യം സൂചിപ്പിച്ചത്.
ഗസ മുനമ്പില്‍ നിന്ന് ആശയവിനിമയവും ഇന്റര്‍നെറ്റും വിച്ഛേദിച്ച് കര, കടല്‍, വായു, എന്നിങ്ങനെ എല്ലായിടത്തും ബോംബാക്രമണം വര്‍ധിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങളുടെയും ലോകത്തിന്റെയും കണ്ണില്‍ നിന്ന് കൂട്ടക്കൊലകളും വംശഹത്യകളും നടത്താനുള്ള ഇസ്രഈലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇത് മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 7 മുതല്‍ ഹമാസും ഇസ്ലാമിക് ജിഹാദും നടത്തുന്ന ചെറുത്തുനില്‍പ്പും ഇസ്രഈല്‍ ഭരണകൂടത്തിനെതിരെ ഹമാസ് നടത്തിയ ഓപ്പറേഷനും മൂലം ഇസ്രഈല്‍ ഗസക്കെതിരേ ഇപ്പോള്‍ തുടര്‍ച്ചയായി യുദ്ധം നടത്തുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന അനിയന്ത്രിതമായ രക്തച്ചൊരിച്ചിലിനെ സ്വയം പ്രതിരോധമാണെന്ന നിലയിലാണ് പ്രതികരിച്ചതെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ മാരകമായ ഇസ്രഈല്‍ ആക്രമണത്തെ തങ്ങള്‍ ഉന്മൂലന യുദ്ധം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ഫാസിസ്റ്റ് നയങ്ങളില്‍ ഫലസ്തീന്‍ ജനത ഒരിക്കലും ഭയപ്പെടുകയില്ലെന്ന് ഹമാസ് വ്യക്തമാക്കി.
നമ്മുടെ ഭൂമിയിലും പുണ്യസ്ഥലങ്ങളിലുമുള്ള അധിനിവേശത്തെ പരാജയപ്പെടുത്തി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുമെന്നും സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയത്തിനുമുള്ള അവകാശം ലഭിക്കുന്നത് വരെ ഫലസ്തീനികള്‍ വിപ്ലവവും പോരാട്ടവും അവസാനിപ്പിക്കില്ലെന്നും ഹമാസ് അറിയിച്ചു.
Content Highlight: Israel preparing to commit more genocide away from eyes of world: Hamas