ജറുസലേം: ഗള്‍ഫ് മേഖലയില്‍ ഇറാനും യു.എസും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈനിക ഏറ്റുമുട്ടലിന് തയ്യാറെടുത്ത് ഇസ്രഈല്‍. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഫോറത്തില്‍ ഇസ്രഈലി വിദേശകാര്യമന്ത്രി യിസ്രഈല്‍ കാട്‌സാണ് ഇക്കാര്യം അറിയിച്ചത്.
സൈനിക ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ ഞങ്ങള്‍ അതിന് തയ്യാറെടുക്കേണ്ടതുണ്ട്. സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനോട് പ്രതികരിക്കാന്‍ സൈന്യത്തെ സജ്ജമാക്കുന്നതിന് ഇസ്രഈല്‍ തയ്യാറെടുക്കുകയാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
യു.എസിന്റെ സാമ്പത്തിക സമ്മര്‍ദ്ദം ഇറാനുമായുള്ള കായികമായ സംഘര്‍ഷം ഒഴിവാക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഇസ്രഈല്‍ ആര്‍മി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാട്‌സ് നേരത്തെ പറഞ്ഞിരുന്നു.
‘ഈ യുദ്ധത്തില്‍ ഇറാന് യാതൊരു സാധ്യതയുമില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ അതിനാല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദവും ഉപരോധവും യുദ്ധം തടയും. അതിനാല്‍ യുദ്ധമില്ലാതെ തന്നെ ലക്ഷ്യം നേടാന്‍ കഴിയും’ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതിനിടെ, ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രഈലിനെ നശിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ദേശീയ സുരക്ഷ ചുമതലയുള്ള ഇറാന്‍ പാര്‍ലമെന്റ് സമിതിയുടെയും വിദേശനയസമിതിയുടെയും ചെയര്‍മാനായ മൊജ്തബാ സൊല്‍നൗറാണ് ഇക്കാര്യം പറഞ്ഞത്.
ഇറാനെ ലക്ഷ്യംവെച്ച് അമേരിക്ക പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയെ സംഘര്‍ഷഭരിതമാക്കുന്ന സാഹചര്യത്തിലാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് ഇസ്രഈല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2015ലെ ആണവകരാര്‍ പ്രകാരം സമ്പുഷ്ടീകരിക്കാവുന്ന യുറേനിയത്തിന്റെ പരമാവധി പിന്നിട്ടെന്ന് കഴിഞ്ഞദിവസം ഇറാന്‍ വെളിപ്പെടുത്തിയത് സംഘര്‍ഷത്തിന് ആക്കംകൂട്ടിയിരിക്കുകയാണ്.