| Saturday, 18th May 2024, 4:10 pm

ഹിസ്ബുള്ളയുമായുള്ള യുദ്ധം ഒഴിവാക്കാനാണ് ആ​ഗ്രഹിക്കുന്നത്, അല്ലാത്തപക്ഷം ഉണ്ടാവുക വലിയ ദുരന്തം: ഇസ്രഈല്‍ പ്രതിരോധമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽഅവീവ്: ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി കടുത്ത യുദ്ധത്തിലേക്ക് കടക്കുന്നത് ഒഴിവാക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.

വെള്ളിയാഴ്ച ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തെ ഇസ്രഈല്‍ സൈനികരോട് സംസാരിച്ചതിന് ശേഷമാണ് യോവ് ഗാലന്റിന്റെ പ്രസ്താവന. വടക്കന്‍ അതിര്‍ത്തികളിലുള്ള ആളുകളെ സുരക്ഷിതമായി മാറ്റണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് എല്ലാവരും വില കൊടുക്കേണ്ടി വരുമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും യോവ് ഗാലന്റ് കൂട്ടിച്ചേര്‍ത്തു.

യോവ് ഗാലന്റിനെ ഉദ്ധരിച്ച് അന്താരാഷട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഹിസ്ബുള്ളയുമായി നീണ്ടുനില്‍ക്കുന്ന യുദ്ധം നടന്നാല്‍ അത് വലിയൊരു ദുരന്തമായി മാറും. അതിന് ഞങ്ങളും വലിയ വില നല്‍കേണ്ടി വരും. അതിനാല്‍ കടുത്ത യുദ്ധത്തിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ യോവ് ഗാലന്റ് പറഞ്ഞു.

എങ്കിലും എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇസ്രഈലിന് കരുതി ഇരുന്നേ പറ്റുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും യോവ് ഗാലന്റ് പറഞ്ഞു.

അതിനിടെ, തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ വ്യോമ പ്രതിരോധ മേഖലക്ക് നേരെ വെള്ളിയാഴ്ച ഇസ്രഈല്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയരുന്നു. ഇതില്‍ ഹിസ്ബുള്ളയുടെ ഒരു പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതായും അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇസ്രഈലിലേക്ക് ഹിസ്ബുള്ളയും ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

അതിനിടെ ​ഗസയിൽ നിന്ന് പിൻമാറാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമർപ്പിച്ച കേസിൽ വാദം കേൾക്കുന്നത് വ്യാഴാഴ്ച മുതൽ ആരംഭിച്ചു. ഗസയിൽ നിന്ന് പിൻവാങ്ങാനും റഫക്കെതിരായ സൈനിക ആക്രമണം അവസാനിപ്പിക്കാനും ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന അംഗീകരിക്കരുതെന്ന് ഇസ്രഈൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ കേസ് വസ്തുതാരഹിതമാണെന്നും വംശഹഹത്യാ ആരോപണങ്ങൾ ഉന്നയിച്ച് പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രഈൽ പ്രതിനിധികൾ കോടതിയിൽ പറഞ്ഞു. വ്യാഴാഴ്ചയാണ് ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടത്തിയത്. ഇസ്രഈലിനെ വംശഹത്യയിൽ നിന്ന് തടയണമെന്നും ദക്ഷിണാഫ്രിക്ക കോടതിയിൽ ആവശ്യപ്പെട്ടു.

Content Highlight: Israel prefers to avoid tough war with Hezbollah: Defence Minister

We use cookies to give you the best possible experience. Learn more